ന്യൂഡല്‍ഹി : ഇടഞ്ഞു നില്‍ക്കുന്ന മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനും എംഎല്‍എമാര്‍ക്കുമെതിരെ കൂടുതല്‍ നടപടികളുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമസഭാ യോഗത്തില്‍ പങ്കെടുത്താത്തിനെ തുടര്‍ന്ന് സച്ചിന്‍ പൈലറ്റിനും അദ്ദേഹത്തെ പിന്തുണക്കുന്ന 18 എംഎല്‍എമാര്‍ക്കും നിയമ സഭാ സെക്രട്ടേറിയേറ്റ് നോട്ടീസ് നല്‍കി. ജൂലൈ 17 ന് സ്പീക്കര്‍ക്ക് മുന്‍പില്‍ ഹാജരാകണമെന്ന് അറിയിച്ചാണ് സച്ചിന്‍ പൈലറ്റിനും എംഎല്‍എമാര്‍ക്കും നോട്ടീസ് അയച്ചത്.
ഭരണഘടനയുടെ 191ാംവകുപ്പ് പ്രകാരമാണ് സച്ചിന്‍ പൈലറ്റിനും എംഎല്‍എമാര്‍ക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്. 17 ന് ഒരു മണിക്ക് സ്പീക്കര്‍ക്ക് മുന്‍പാകെ ഹാജരാകണമെന്നും നിയമ നടപടികള്‍ അഭിമുഖീകരിക്കണമെന്നുമാണ് നോട്ടീസിലെ ഉള്ളടക്കം. നോട്ടീസ് എംഎല്‍എമാരുടെയും വസതികളില്‍ പതിപ്പിച്ചിട്ടുണ്ട്. നോട്ടീസിലെ ചോദ്യങ്ങള്‍ അന്നേ ദിവസം എഴുതിയ മറുപടി സ്പീക്കര്‍ മുന്‍പാകെ സമര്‍പ്പിക്കണമെന്നും എംഎല്‍എമാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. പ്രസ്തുത സമയത്തിനുള്ളില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത എംഎല്‍എമാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ രാഷ്‌ട്രീയ പ്രതിസന്ധിയാണ് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കിയത് മറ്റൊരു രാഷ്‌ട്രീയ പോരിനാണ് വഴിവെച്ചിരിക്കുന്നത്.















