ധര്‍മശാല: ടിബറ്റിനെ ദ്രോഹിക്കുന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്ന അമേരിക്കയ്‌ക്ക് വന്‍പിന്തുണ. ടിബറ്റില്‍ നിന്നും പലായനം ചെയ്യപ്പെട്ടവരുടെ സംഘനടകളാണ് രംഗത്തുവന്നിരിക്കുന്നത്. ടിബറ്റിലേയ്‌ക്ക് അവിടുത്തെ സമൂഹത്തില്‍പെട്ട ജനങ്ങളേയും ബുദ്ധസന്യാസിമാരേയും കടക്കാന്‍ അനുവദിക്കാത്ത ചൈനീസ് ഉദ്യോഗസ്ഥരുടെയെല്ലാം വിസ റദ്ദാക്കിയിരിക്കുകയാണ്. ആദ്യഘട്ട നടപടി മാത്രമാണിതെന്നും കൂടുതല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.
അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോവാണ് കഴിഞ്ഞയാഴ്ച തീരുമാനം അറിയിച്ചത്. ടിബറ്റന്‍ മേഖലയിലേയ്‌ക്ക് അമേരിക്കന്‍ പൗരന്മാരടക്കമുള്ള വിദേശികളുടെ പ്രവേശനവും തടഞ്ഞ നടപടിയാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. വിനോദസഞ്ചാ രികളേയും മറ്റ് രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളേയും മാദ്ധ്യമപ്രവര്‍ത്തകരേയും തടയാന്‍ ചൈനയ്‌ക്ക് യാതൊരു അധികാരവുമില്ലെന്ന് പോംപിയോ തുറന്നടിച്ചു.
അമേരിക്കന്‍ മണ്ണില്‍ അത്തരം നടപടികള്‍ക്ക് നേതൃത്വം കൊടുത്ത ഒരു ചൈനീസ് ഉദ്യോഗസ്ഥനും വിസ അനുവദിക്കില്ലെന്നും ട്രംപ് ഭരണകൂടം തീരുമാനം എടുത്തിരുന്നു. ചൈന നടത്തുന്ന എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനവും ഇതോടെ ലോകശ്രദ്ധയില്‍ വന്നിരിക്കുകയാണ്. അമേരിക്കന്‍ നടപടി ശക്തമായ ഫലം ചെയ്യുമെന്നും ടിബറ്റന്‍ സര്‍ക്കാറിന് വേണ്ടി വക്താവായ ടി.ജി. ആര്യ പറഞ്ഞു. ചൈന ടിബറ്റിനോടും ഒപ്പം ഉയിഗുര്‍ മുസ്ലീം സമൂഹത്തോടും മംഗോളിയന്‍ വംശജരോടും കാണിക്കുന്ന ക്രൂരത ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ആര്യ വ്യക്തമാക്കി.















