മിലാന്‍: ഇറ്റാലിയന്‍ ലീഗായ സീരി ഏയിലെ വമ്പന് സമനില കുരുക്ക്. റോണാള്‍ഡോയുടെ
യുവന്റസിനെ 3-3നെ പിടിച്ചുകെട്ടിയത് സാസൂവോളോ ക്ലബ്ബാണ്. കളിയുടെ ആദ്യ പകുതിയില്‍തന്നെ 2-0ന് മുന്നിലെത്തിയിട്ടും മൂന്നുഗോളുകള്‍ തുടര്‍ച്ചയായി അടിച്ചാണ് സാസുവോളോ സ്വപ്‌നതുല്യ സമനില നേടിയത്. ഡാനിയേലോ കളിയുടെ 5-ാം മിനിറ്റില്‍ തന്നെ യുവന്റസിനെ മുന്നിലെത്തിച്ചു. 12-ാം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വെയിന്‍ ടീമിന്റെ രണ്ടാം ഗോളും നേടി. എന്നാല്‍ കളിയുടെ ആദ്യ പകുതിയില്‍ തന്നെ സാസുവോളോ ലീഡ് 1-2 ആയി കുറച്ചു. 29-ാം മിനിറ്റില്‍ ഫിലിപ്പ് ഡൂറിച്ചാണ് ആദ്യ ഗോള്‍ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ 51-ാം മിനിറ്റില്‍ ഡോമനിക്കോ ബെറാര്‍ഡി സമനില ഗോള്‍ നേടി. മൂന്നു മിനിറ്റിനകം ലീഗ് വമ്പന്മാരെ ഞെട്ടിച്ച് സാസൂവോളോയുടെ ഫ്രാന്‍സെസ്‌കോ കാപ്പൂറ്റോ 54-ാം മിനിറ്റില്‍ ടീമിനെ മുന്നിലെത്തിച്ചു. എന്നാല്‍ യുവന്റസിന്റെ മാനംകാത്ത ഗോള്‍ 64-ാം മിനിറ്റില്‍ അലെക്‌സ് സാന്ദ്രോ നേടിയാണ് കളി സമനിലയിലാക്കിയത്.
ലീഗില്‍ 33 കളികളിലായി യുവന്റസ് 77 പോയിന്റുമായിട്ടാണ് മുന്നിലുള്ളത്. തൊട്ടുപുറകില്‍ 70 പോയിന്റുകളുമായി അത്‌ലാന്റയാണ് രണ്ടാം സ്ഥാനത്തുള്ളത്.ലാസിയോ മൂന്നാം സ്ഥാനത്തും ഇന്റര്‍ മിലാന്‍ നാലാം സ്ഥാനത്തും എസി.റോമ അഞ്ചാമതുമാണ്.