വാഷിംഗ്ടണ്‍: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ ജനങ്ങളോട് മാസ്‌ക് നിര്‍ബന്ധമായി ധരിക്കാന്‍ പറയില്ലെന്ന് ട്രംപ്. അമേരിക്കയിലെ പകര്‍ച്ച വ്യാധി രോഗപ്രതിരോധ വിദഗ്ധന്‍ ഡോ. ആന്റണി ഫൗസിയുടെ പ്രസ്താവന വന്നതിന് പിറകേയാണ് ട്രംപിന്റെ വിവാദ മറുപടി വന്നിരിക്കുന്നത്. വൈറ്റ്ഹൗസിന്റെ ആരോഗ്യ ഉപദേഷ്ടാവ് എന്നനിലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധനുമായുള്ള ട്രംപിന്റെ അഭിപ്രായ വ്യത്യാസം തുടരുന്നതായാണ് പുതിയ പ്രസ്താവന വീണ്ടും തെളിയിക്കുന്നത്.
കഴിയുന്നത്ര എല്ലാ സംസ്ഥാനങ്ങളിലും മാസ്‌കുകള്‍ നിര്‍ബന്ധമാക്കണമെന്നും ഭരണാധികാരികള്‍ ശക്തമായ നിര്‍ദ്ദേശം തന്നെ ഇതിനായി പുറപ്പെടുവിക്കണമെന്നും ഫൗസി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് ശേഷമാണ് മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് താന്‍ പറയില്ലെന്ന് ട്രംപ് പറഞ്ഞിരിക്കുന്നത്.
അമേരിക്കയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും മാസ്‌കുകള്‍ പൊതു സ്ഥലത്ത് നിര്‍ബന്ധമാക്കികഴിഞ്ഞു. വ്യക്തികളുടെ ഇഷ്ടത്തിനല്ല മാസ്‌ക് ധരിക്കേണ്ടതെന്നും സംസ്ഥാന ഭരണാധികാരികള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍പ്പെട്ട അല്‍ബാമയിലെ ഗവര്‍ണര്‍ കെയ് ഐവീ അടക്കം കര്‍ശന നിബന്ധനകള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്.
സ്വയം മാസ്‌ക് ധരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചിരുന്ന ഡൊണാള്‍ഡ് ട്രംപ് ഇന്നലെ മുതല്‍ മാസ്‌ക് ധരിക്കാന്‍ തുടങ്ങിയെന്നും മാദ്ധ്യമങ്ങള്‍ അറിയിച്ചു. ജനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതിനോട് യോജിപ്പില്ലെന്നാണ് മാസ്‌കുകളുടെ കാര്യത്തില്‍ ട്രംപ് നല്‍കുന്ന വിശദീകരണം.















