ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ ശബ്ദ സന്ദേശം കയ്യിലുണ്ടെന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ ആരോപണത്തിനെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വം രംഗത്ത്. നേതാക്കളുടെ ശബ്ദസന്ദേശം ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര ആവശ്യപ്പെട്ടു.
ബി.ജെ.പി രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കുതിരക്കച്ചവടം നടത്തുകയാണെന്ന ആരോപണമാണ് കോണ്‍ഗ്രസ്സ് ഉന്നയിച്ചത്. ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസ്സ് എം.എല്‍.എമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദസന്ദേശം കൈവശമുണ്ടെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് സംബിത് പത്ര രംഗത്തുവന്നത്. രാജസ്ഥാനിലെ എല്ലാ ബി.ജെ.പി നേതാക്കളുടേയും ഫോണ്‍ ചോര്‍ത്താന്‍ നല്‍കിയ ഔദ്യോഗിക നിര്‍ദ്ദേശം നിലവിലുണ്ടോ എന്ന ചോദ്യവും ഗഹ്ലോട്ടിനെതിരെ സംബിത് പത്ര ഉന്നയിച്ചിരിക്കുകയാണ്.
ബി.ജെ.പി ഒരു കുതിരക്കച്ചവടത്തിന്റേയും ഭാഗമല്ലെന്ന് സംബിത് പത്ര വ്യക്തമാക്കി. രാജസ്ഥാനിലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കഴിഞ്ഞ ഒരു വര്‍ഷമായി പരസ്പരം സംസാരിക്കാതിരുന്നതിന്റെ കാരണം ആദ്യം കോണ്‍ഗ്രസ്സ് വ്യക്തമാക്കണമെന്നും ബി.ജെ.പി ദേശീയ വക്താവ് പറഞ്ഞു. കൊറോണ കാലത്തെ പ്രവര്‍ത്തനം പോലും നന്നായി നടത്താനറിയാത്ത രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും പത്ര ആരോപിച്ചു. റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി എം.എല്‍.എമാരെ കൂട്ടമായി പാര്‍പ്പിച്ചിരിക്കുകയാണ്. എല്ലാവരും തിന്നും കുടിച്ചും ആഘോഷിക്കുകയാണ്. അതുതന്നെ കൊറോണ പ്രതിരോധ മുന്നറിയിപ്പുകളുടെ ലംഘനമാണെന്നും കേസ് എടുക്കേണ്ട ലോക്ഡൗണ്‍ ലംഘനമാണെന്നും പത്ര ചൂണ്ടിക്കാട്ടി.















