ഛണ്ഡീഗഡ് : പഞ്ചാബിൽ പാകിസ്താനിൽ നിന്നും എത്തിയ വൻ മയക്കുമരുന്ന്
ശേഖരം പിടിച്ചെടുത്തു. നദിയിലൂടെ ഒഴുകിയെത്തിയ 60 പാക്കറ്റ് ഹെറോയിനാണ് അതിർത്തി സംരക്ഷണ സേന പിടിച്ചെടുത്തത്. ഗുരുദാസ്പൂറിലെ ദേരാ ബാബാ നാനകിന് സമീപത്തെ ഗൻഗാലി ഗാട്ടിലായിരുന്നു സംഭവം.
പാകിസ്താനിൽ നിന്നും രവി നദിയിലൂടെയാണ് ഹെറോയിൻ പാക്കറ്റുകൾ ഇന്ത്യയിലേക്ക് എത്തിയത്. പുലർച്ചെ പട്രോളിംഗിനായി രവി നദിയുടെ ഭാഗത്തേക്ക് പോയ ഉദ്യോഗസ്ഥനാണ് മയക്കു മരുന്നു പാക്കറ്റുകൾ ഒഴികിവരുന്നതായി കണ്ടത്. തുടർന്ന് വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ സംഘം എത്തി പാക്കറ്റുകൾ അഴിച്ച് പരിശോധിച്ചതിലാണ് വീര്യമേറിയ ഹെറോയിനാണെന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് 64 കിലോയോളം തൂക്കമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷങ്ങളിൽ പ്രദേശത്ത് നടത്ത മയക്കു മരുന്നു വേട്ടയിൽ ഏറ്റവും വലുതാണ് ഇതെന്ന് ബിഎസ്എഫ് ഡെപ്യൂട്ടി ഡയറക്ടർ ബിഎസ് റാവത്ത് അറിയിച്ചു. സംഭവത്തിൽ പഞ്ചാബ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മയക്കു മരുന്നു കടത്തുന്നതിനായി സ്വീകരിച്ച പുതിയ മാർഗ്ഗമാണ് ഇതെന്നാണ് കരുതുന്നതെന്നും, സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.