കാലിഫോര്‍ണിയ: വിശ്വാസം ഒട്ടുമില്ല; എല്ലാക്കാര്യങ്ങളും അന്വേഷിക്കും എന്നതാണ് ചൈനക്കെതിരെയുള്ള അമേരിക്കയുടെ പുതിയ നയമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വഭാവത്തില്‍ കാതലായ മാറ്റം വരുന്നതുവരെ നിലവിലെ നയം തുടരുകതന്നെ ചെയ്യുമെന്നാണ് പോംപിയോ വ്യക്തമാക്കിയിരിക്കുന്നത്.
അവരെന്ത് പറയുന്നു എന്നു നോക്കിയല്ല, എന്തു ചെയ്യുന്നു എന്ന് നോക്കിയാണ് ചൈനീസ് നേതാക്കളെ വിലയിരുത്തുന്നത്. മുന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റെയ്ഗനാണ് റഷ്യയ്‌ക്കെതിരെ ഒരു കാലഘട്ടത്തില്‍ പരിശോധനകള്‍ക്കു ശേഷം മാത്രം വിശ്വാസം എന്ന പ്രവര്‍ത്തന രീതി നടപ്പാക്കിയത്. എന്നാല്‍ ചൈനയ്‌ക്കെതിരെ ഇതിലൊരു മാറ്റം വരുത്തുകയാണ്. അതായത് ഒട്ടും വിശ്വാസമില്ലാത്തതിനാല്‍ ശക്തമായ പരിശോധന എന്നതാണെന്നും പോംപിയോ വിശദീകരിച്ചു.
ഞങ്ങള്‍ ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ രാജ്യമാണ്. ആ സ്വാതന്ത്ര്യം എല്ലാവരുമായും പങ്കുവയ്‌ക്കാറുമുണ്ട്. എന്നാല്‍ ചൈനയുടെ രീതി ഭീഷണിയുടേതാണ്. അവര്‍ എല്ലാവരുടേയും സമ്പത്തിലും കൈവയ്‌ക്കുന്നതിലേയ്‌ക്കും കാര്യങ്ങള്‍ നീങ്ങുകയാണ്. ചൈനയുടെ ഇത്തരം നടപടികള്‍ മാറ്റാതെ നയം മാറില്ലെന്നും പോംപിയോ പറഞ്ഞു.















