പാരീസ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഒരുങ്ങി ലീഗുകളിലെ കരുത്തന്മാര്‍.ആഗസ്റ്റ് 13 മുതല്‍ 16 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ആഗസ്റ്റ് 19ന് സെമിഫൈനലും 24ന് ഫൈനലും നടക്കും. പോര്‍ച്ചുഗലിലെ ലിസ്ബണിലാണ് എല്ലാ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും അരങ്ങേറുന്നത്.
ഇന്നലെ ഫ്രഞ്ച് കപ്പ് ജേതാക്കളായ പി.എസ്.ജി നേരത്തേ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. മാര്‍ച്ച് 11ന് ബോറോസിയ ഡോട്ട്മുണ്ടിനെ 2-0നാണ് പി.എസ്.ജി തോല്‍പ്പിച്ചത്. ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീം പി.എസ്.ജി ആണ്. അന്നു രാത്രി നടന്ന മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളിനെ സ്വന്തം തട്ടകത്തില്‍ സ്പാനിഷ് ലീഗ് കരുത്തന്മാരായ അത്‌ലറ്റികോ മാഡ്രിഡ് തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്നു. അത്‌ലാന്റയും ആര്‍.ബി ലീപ്‌സിഗും ക്വാര്‍ട്ടറിലേയ്‌ക്ക് കടന്നു. ഇനിയുള്ള ടീമുകളെ 7,8 തീയതികളിലെ പ്രീക്വാര്‍ട്ടറിന് ശേഷം അറിയാം. നിലവില്‍ ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്മാരായ യുവന്റസ്- ലയണിനേയും മാഞ്ചസ്റ്റര്‍ സിറ്റി- റയല്‍ മാഡ്രിഡിനേയും നേരിടും. മറ്റ് പോരാട്ടങ്ങളില്‍ ബയേണ്‍ മ്യൂണിച്ച്-ചെല്‍സിയോടും ബാഴ്‌സലോണ-നാപ്പോളിയോടും ഏറ്റുമുട്ടും.
കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ലിവര്‍പൂളാണ് ഇത്തവണ പ്രീക്വാര്‍ട്ടറില്‍ പുറത്തായത്. രണ്ടു ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബുകളാണ് കഴിഞ്ഞ തവണ കലാശപോരാട്ടത്തില്‍ ഏറ്റുമുട്ടിയത്. ടോട്ടനത്തെ അന്ന് 2-0നാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. മുഹമ്മദ് സലായുടെ വക രണ്ടാം മിനിറ്റിലെ പെനാല്‍റ്റിയും ദിവോക് ഒറിഗിയുടെ 87-ാം മിനിറ്റിലെ ഗോളുകളുമാണ് ലിവര്‍പൂളിനെ കീരീട ജേതാക്കളാക്കിയത്.















