റായ്പൂര്‍ : ഛത്തീസ്ഗഡില്‍ പോലീസ് ക്യാമ്പിന് നേരെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം. കമ്മ്യൂണിസ്റ്റ് ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു ജവാന്‍ വീരമൃത്യുവരിച്ചു. ഛത്തീസ്ഗഡ് ആര്‍മ്ഡ് ഫോഴ്‌സ് 22 ബറ്റാലിയനിടെ കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര ബക്‌ഡേയാണ് വീരമൃത്യുവരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
ചോട്ടേ ദോംഗര്‍ പോലീസ് സറ്റേഷന്‍ പരിധിയിലായിരുന്നു ആക്രമണം നടന്നത്. പ്രദേശത്ത് ക്യാമ്പ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കമ്മ്യൂണിസ്റ്റ് ഭീകര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായുള്ള ആക്രമണത്തിലാണ് ജിതേന്ദ്ര ബക്‌ഡേയ്‌ക്ക് വെടിയേറ്റത്. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്‌ക്കായാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നത്.
പ്രദേശത്ത് എത്തിയ ഭീകരര്‍ രണ്ട് റൗണ്ട് വെടിയുതിര്‍ത്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ സേനയ്‌ക്ക് നേരെ ആക്രമണം നടത്തിയ ശേഷം ഭീകരര്‍ ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് ക്യാമ്പിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.