ചണ്ഡീഗഡ് : ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങിയ റഫേല്‍ യുദ്ധ വിമാനങ്ങള്‍ പറന്നിറങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ സുരക്ഷ ശക്തമാക്കി അംബാല ജില്ലാ ഭരണ കൂടം. ഇതിന്റെ ഭാഗമായി അംബാല എയര്‍ ബേസ് പരിസരത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. വിമാനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അംബാല എയര്‍ബേസ് പരിസരത്ത് 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാലില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇതിന് പുറമേ എയര്‍ ബേസിന്റെ മൂന്ന് കിലോ മീറ്റര്‍ പരിധിയില്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഡ്രോണുകള്‍ പറത്തരുതെന്നും ഭരണ കൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അംബാല ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ നിന്നും പുറപ്പെട്ട റഫേല്‍ വിമാനങ്ങളുടെ ആദ്യ സംഘം യുഎഇയിലെ ദഫ്ര എയര്‍ ബേസില്‍ എത്തിയിട്ടുണ്ട്. ഇവിടെ നിന്നും പുറപ്പെട്ട വിമാനങ്ങള്‍ നാളെയോടെ അംബാലയില്‍ എത്തും.