ന്യൂഡല്‍ഹി: വിദ്യാഭ്യാസ നയത്തിലെ പ്രകടമായ മാറ്റത്തിന് കേന്ദ്രസര്‍ക്കാറിനെ അഭിനന്ദിച്ച് ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല മേധാവി. പുതിയ വിദ്യാഭ്യാസ നയം ഉന്നത വിദ്യാഭ്യാസ മേഖലയിലേയ്‌ക്ക് പ്രവേശിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നാണ് വൈസ് ചാന്‍സലര്‍ വിലയിരുത്തുന്നത്. പ്രൊഫസര്‍. നജ്മ അക്തറാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയം പരിഷ്‌ക്കരിച്ചതിന് ആശംസകളര്‍പ്പിച്ചത്.
‘പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാര്‍ത്ഥികള്‍ വലിയ സാധ്യതയാണ് തുറന്നു കൊടുക്കുക. ഈ മാറ്റം ഉന്നത വിദ്യാഭ്യാസത്തിനായി പരിശ്രമിക്കുന്ന വിദ്യാര്‍ത്ഥികളുടെ നിലവാരം ഉയര്‍ത്തും. പഠനരീതിയില്‍ വരുന്ന ഘടനപരമായ മാറ്റം ഇതിനവരെ സഹായിക്കും. പുതിയ പദ്ധതി അനുസരിച്ച് പഠനരംഗത്തു നിന്ന് പിന്മാറാനും പിന്നീട് പ്രവേശിക്കാനും സാധിക്കുന്ന വിധമാണ് സംവിധാനം. കരിയര്‍ സംബന്ധമായ പഠനരീതി ഇതിലൂടെ സ്വീകരിക്കാനാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത’ അക്തര്‍ അഭിപ്രായപ്പെട്ടു.
പുതിയ വിദ്യാഭ്യാസ നയത്തില്‍ സാങ്കേതിക വിദ്യ വളരെ പ്രധാനപ്പെട്ട മാറ്റമാണ് ഉണ്ടാക്കുക. ‘സ്വയം’ എന്ന പേരില്‍ ദേശീയ മാനവവിഭവശേഷി വകുപ്പ് നടപ്പാക്കുന്ന അടിസ്ഥാന സംവിധാനം മികച്ചതാണ്. ഓണ്‍ലൈന്‍ കോഴ്‌സുകളുടെ വലിയ സാധ്യതകൂടിയാണ് ഇത് തുറന്നുനല്‍കുകയെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.















