ന്യൂഡല്‍ഹി: ദേശീയ കായിക ബഹുമതി സമര്‍പ്പണ ചടങ്ങുകള്‍ മാറ്റിവയ്‌ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. രാഷ്‌ട്രപതി നേരിട്ട് സമ്മാനിക്കുന്ന ബഹുമതികള്‍ രാഷ്‌ട്രപതി ഭവനിലാണ് നടക്കാറുള്ളത്. കായികതാരങ്ങളടക്കം നിരവധി പേര്‍ പങ്കെടുക്കേണ്ട പരിപാടിയാണിത്. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ സുരക്ഷാപ്രശ്‌നമാണ് അധികൃതരെ അലട്ടുന്ന പ്രശ്‌നം. രാഷ്‌ട്രപതി ഭവനില്‍ നിന്നും ഇതുവരെ പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നും കായിക മന്ത്രാലയം അറിയിച്ചു. കേന്ദ്ര കായിക വകുപ്പ് മന്ത്രി കിരണ്‍റിജ്ജിജു മേല്‍നോട്ടം വഹിക്കുന്ന ചടങ്ങാണ് രാഷ്‌ട്രപതി ഭവനില്‍ നടക്കേണ്ടത്.
ആഗസ്റ്റ് മാസം 29-ാം തീയതിയാണ് ചടങ്ങുകള്‍ തീരുമാനിച്ചിട്ടുള്ളത്. കൊറോണ ബാധ കാരണം ഇനി രണ്ടു മാസം കൂടി കായിക ബഹുമതി നല്ഡകുന്ന പരിപാടി നീളുമെന്ന സൂചനയാണ് ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഇന്ത്യന്‍ ഹോക്കിയുടെ പിതാവെന്നറിയപ്പെടുന്ന ധ്യാന്‍ചന്ദിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് കായിക ബഹുമതി സമ്മാനിക്കുന്നത്. കായിക രംഗത്തെ പരമോന്നത ബഹുമതിയടക്കമാണ് കായിക പ്രതിഭകള്‍ക്ക് നല്‍കുന്നത്. രാജീവ് ഗാന്ധി ഖേല്‍രത്‌ന, ദ്രോണാചാര്യ, അര്‍ജ്ജുന, ധ്യാന്‍ചന്ദ് പുരസ്‌ക്കാരങ്ങളാണ് രാഷ്‌ട്രപതി നേരിട്ട് കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും ദേശീയ കായിക ദിനത്തില്‍ സമര്‍പ്പിക്കുന്നത്.















