സ്നേഹം കൊണ്ടാണോ ശിക്ഷ കൊണ്ടാണോ കുട്ടികളെ തെറ്റിൽ നിന്നും പിന്തിരിപ്പിക്കാൻ സാധിക്കുക എന്നത് പല മാതാപിതാക്കൾക്കും അറിയാത്ത കാര്യം തന്നെയാണ്. പഴമക്കാർ പറയുംപോലെ ഒന്നേ ഉള്ളുവെങ്കിൽ ഉലക്ക കൊണ്ട് അടിച്ച് വളർത്തണോ?
കുട്ടികൾ ചെയ്യുന്ന നല്ല പ്രവൃത്തികൾക്ക് പാരിതോഷികങ്ങളും കുറുമ്പുകൾക്ക് ശിക്ഷയും നൽകാത്ത രക്ഷിതാക്കൾ വളരെ കുറവാണ്. കുഞ്ഞുങ്ങൾ തെറ്റ് ചെയ്യുമ്പോൾ ശിക്ഷ നൽകുന്നതിന് പകരം അവരോടൊത്ത് ഇരുന്ന് എന്താണ് അവർ ചെയ്ത തെറ്റ് എന്ന് മനസിലാക്കി കൊടുക്കണം. പിന്നീട് ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ ഇത് സഹായിക്കും.
“നീ അത് ചെയ്യരുത്” എന്ന് പറയുന്നതിനേക്കാൾ നല്ലത് “എന്തുകൊണ്ട് നീ അത് ചെയ്യാൻ പാടില്ല” എന്ന് പറഞ്ഞുകൊടുക്കണം. കഠിനമായ ശിക്ഷകളെക്കാൾ കൂടുതൽ നല്ലത് കാര്യകാരണസഹിതം കാര്യങ്ങൾ മനസിലാക്കി കൊടുക്കുന്നതാണ്.
തെറ്റുകൾ ചെയ്യുമ്പോൾ ശിക്ഷ നൽകുന്നതിലൂടെ അവരുടെ വൈകാരിക ബുദ്ധി, സഹാനുഭൂതി, സാമൂഹിക അവബോധം എന്നിവ വികസിക്കുന്നതിൽ പ്രയാസം നേരിടുന്നു. ഒരുപക്ഷേ ശിക്ഷയെ ഭയന്ന് അവർ തങ്ങൾ ചെയ്ത തെറ്റ് എന്താണെന്ന് പോലും പറയാതിരിക്കുകയും ഭാവിയിൽ സത്യസന്ധത ഇല്ലാത്തവരായി മാറുകയും ചെയ്യും.
മാതാപിതാക്കൾ കുഞ്ഞുങ്ങളെ ശിക്ഷിക്കുമ്പോൾ അവരുടെ മാനസികാരോഗ്യത്തെ പോലും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഇത് അവർക്ക് നിങ്ങളോട് ദേഷ്യം ഉണ്ടാക്കുകയും കുഞ്ഞും മാതാപിതാക്കളും തമ്മിലുള്ള മനോഹരമായ ബന്ധത്തിന് വിള്ളൽ സംഭവിക്കാനും സാധ്യതയുണ്ട്.
എപ്പോഴും മാതാപിതാക്കൾ കുട്ടികളുടെ നല്ല സുഹൃത്തുക്കൾ ആയിരിക്കണം. നിങ്ങളോട് എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകുക. ശിക്ഷകളെക്കാൾ കൂടുതൽ സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും കാര്യങ്ങൾ മനസിലാക്കികൊടുക്കുക.
ഓരോ കുട്ടിയുടെയും റോൾ മോഡൽസ് അവൻ/അവൾ ചെറുപ്പം മുതലേ കണ്ടു വളർന്ന അച്ഛനും അമ്മയും ആയിരിക്കും. അതുകൊണ്ട് തന്നെ ആദ്യം നല്ല രീതിയിൽ, തെറ്റ് ചെയ്യാതെ നേർവഴിക്ക് നടക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ്. അത് കണ്ട് വളരുന്ന കുട്ടികൾ ഒരിക്കലും തെറ്റായ പ്രവൃത്തികൾ ചെയ്യുകയോ തെറ്റിന്റെ പാതയിലേക്ക് സഞ്ചരിക്കുകയോ ചെയ്യില്ല.
ശരികൾ മാത്രമല്ല, തെറ്റുകൾ എന്താണെന്നും കുട്ടികളെ പറഞ്ഞ് മനസിലാക്കണം. എന്നാൽ മാത്രമേ അവർക്ക് ശരിയായത് മാത്രം തിരഞ്ഞെടുത്ത് ഭാവിയിൽ നല്ല പൗരന്മാരായി മാറാൻ സാധിക്കുകയുള്ളൂ.
Comments