ന്യൂഡൽഹി : ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെ ചൈനീസ് സർവകലാശാലകളുമായുള്ള കരാർ കേന്ദ്രസർക്കാർ പുന: പരിശോധിക്കുന്നു. ചൈനയിലെ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള ധാരണാപത്രമാണ് പരിശോധിക്കുന്നത്. ഇന്ത്യയിലെ അക്കാദമിക് രംഗത്തെ മികച്ച സർവകലാശാലകളുമായിട്ട് ഒപ്പിട്ട 54 ധാരണപത്രങ്ങളാണ് പുന: പരിശോധിക്കാൻ നിർദ്ദേശം നൽകിയത്. വിദേശ കാര്യമന്ത്രാലയത്തിനും യുജിസിക്കും ഇത് സംബന്ധിച്ച് നോട്ടീസ് അയച്ച് കഴിഞ്ഞു.
ഐ.ഐ.ടി, ജെ.എൻ.യു, എൻ.ഐ.ടി തുടങ്ങിയ വിവിധ സർവകലാശാലകളുമായിട്ടായിരുന്നു ധാരണാപത്രം ഒപ്പിട്ടത്. ചൈനീസ് ഭാഷയും സംസ്കാരവും പഠിപ്പിക്കുക എന്നതാണ് കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്. ചൈനീസ് സർക്കാർ നേരിട്ട് സാമ്പത്തിക സഹായം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ചൈനീസ് സ്വാധീനം വർദ്ധിപ്പിക്കുവാനുതകുന്ന രീതിയിൽ ഈ കരാറുകൾ മാറിയേക്കാമെന്ന് ഇന്റലിജൻസ് ബ്യൂറോ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് പുന: പരിശോധന. ഗാൽവാനിൽ ചൈനയുടെ കൊടും ചതിക്ക് വിവിധ മേഖലകളിലായിട്ടാണ് ഇന്ത്യ മറുപടി കൊടുക്കുന്നത്. ചൈനീസ് ആപ്പുകൾ നിരോധിച്ചതിനൊപ്പം വിവിധ ചൈനീസ് കമ്പനികളുമായുള്ള കരാറുകളും പുന:പരിശോധിക്കുന്നുണ്ട്.