ലണ്ടന്‍: ആഴ്‌സണലിന് എഫ്.എ. കപ്പ് കിരീടം. കരുത്തരായ ചെല്‍സിയെ 2-1ന് തോല്‍പ്പിച്ചാണ് പഴയ പടക്കുതിരയായ ആഴ്‌സണല്‍ 14-ാം എഫ്.എ കപ്പില്‍ മുത്തമിട്ടത്. പിയറി എംറിക് ഔബാമെയംഗിന്റെ മികവിലാണ് ആഴ്‌സണല്‍ എഫ് എ കപ്പ് സ്വന്തമാക്കിയത്. പെനാല്‍റ്റി യടക്കം പിയറി നേടിയ ഇരട്ട ഗോളുകളാണ് കളിയുടെ സവിശേഷത.

ചെല്‍സി തുടങ്ങിവച്ച ഗോളിന് ശേഷമാണ് ആഴ്‌സണല്‍ മുന്നേറിയത്. ക്രിസ്റ്റിയന്‍ പുലിസിച്ച് 5-ാം മിനിറ്റില്‍ നീലപ്പടയെ മുന്നിലെത്തിച്ചു. എന്നാല്‍ 28-ാം മിനിറ്റില്‍ പിയറി പെനാല്‍റ്റി യിലൂടെ സമനില ഗോള്‍ നേടി ചെല്‍സിയുടെ കിരീട പ്രതീക്ഷയ്‌ക്ക് മങ്ങലേല്‍പ്പിച്ചു. 67-ാം മിനിറ്റില്‍ കിരീടം ഉറപ്പിച്ച ഗോള്‍ നേടി പിയറി ആഴ്‌സണലിന് വിജയകിരീടം നല്‍കി.
73-ാം മിനിറ്റില്‍ മാറ്റേയോ കോവാസിച്ചിന് ചുവപ്പുകാര്‍ഡു കാണേണ്ടിവന്നത് ചെല്‍സിയുടെ അവസാന നിമിഷത്തെ മുന്നേറ്റ വേഗവും കുറച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവസാനഘട്ട മത്സരങ്ങളില്‍ ശക്തമായ പ്രകടനങ്ങളോടെ മൂന്നാം സ്ഥാനത്തേക്ക് കടന്ന ചെല്‍സിയ്‌ക്ക് പക്ഷെ എഫ്. എ കപ്പ് കൈവിട്ടത് ക്ഷീണമായി നിലവില്‍ പ്രീമിയര്‍ ലീഗില്‍ 8-ാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്ന ആഴ്‌സണലിന് ആവേശവും അല്‍ഭുതവുമായ വിജയമാണ് എഫ്. എ കപ്പ് സമ്മാനിച്ചിരിക്കുന്നത്.















