വേദ കാലഘട്ടത്തിൽ നിലന്നിരുന്ന കരകൗശല വസ്തുക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ആറന്മുള കണ്ണാടി. ഉത്ഭവവും നിർമാണ രഹസ്യവും ആറന്മുള കണ്ണാടിയെ കൂടുതൽ ആകർഷകമാക്കുന്നു.
വർഷങ്ങൾക്ക് മുൻപ് തിരുനെൽവേലിക്ക് അടുത്തുള്ള ശങ്കരൻ കോവിലിൽ നിന്നും കുറച്ച് കരകൗശല തൊഴിലാളികൾ ആറന്മുളയിൽ എത്തി. പന്തളം രാജാവിന്റെ നിർദ്ദേശപ്രകാരം ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാകാൻ ആയിരുന്നു അവർ വന്നത്. തങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന ജോലികൾക്ക് പുറമെ ചെമ്പിന്റെ ലോഹക്കൂട്ട് ഉപയോഗിച്ച് വിവിധ തരം ആഭരണങ്ങളും പാചക പാത്രങ്ങളും മണികളും അവർ ഉണ്ടാക്കി. വെങ്കലം ഉപയോഗിക്കുന്നതിനിടയിൽ ചെമ്പ്, ടിൻ എന്നിവയുടെ ലോഹക്കൂട്ടിനുള്ള പ്രതിഫലനസ്വഭാവം ഇവർ മനസിലാക്കി. മിനുക്കിയെടുക്കുന്ന ലോഹത്തിന്റെ ഈ സവിശേഷതയാണ് വെങ്കല കണ്ണാടിയായ ആറന്മുള കണ്ണാടിയുടെ ഉത്ഭവത്തിന് കാരണമായത്.
തലമുറകളായി കൈമാറി വരുന്ന ഒന്നാണ് ഈ കണ്ണാടിയുടെ കൂട്ട് രഹസ്യം. പാർവ്വതി ദേവിയുടെ കണ്ണാടി എന്നാണ് പുരാണങ്ങളിൽ ആറന്മുള കണ്ണാടിയെ വിശേഷിപ്പിക്കുന്നത്.ഐശ്വര്യത്തിന്റെ പ്രതീകമായി ആറന്മുള കണ്ണാടിയെ കണക്കാക്കുന്നു. അഷ്ടമംഗല്യ താലത്തിലും ആറന്മുള കണ്ണാടിക്ക് സ്ഥാനമുണ്ട്.
കുറച്ചധികം അധ്വാനവും സമയവും വേണ്ടി വരുന്ന ജോലിയാണ് ആറന്മുള കണ്ണാടി നിർമ്മാണം. ചെമ്പും വെളുത്തീയവും പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹം അച്ചിൽ ഉരുക്കിയൊഴിച്ചാണ് ലോഹഫലകം ഉണ്ടാക്കുന്നത്. ഇതിന്റെ അനുപാതത്തിലെ നേരിയ വ്യത്യാസം പോലും കണ്ണാടിയുടെ ഗുണമേന്മയെ ബാധിക്കും.ആറന്മുള കണ്ണാടി മുൻ ഉപരിതല പ്രതിഫലന കണ്ണാടിയാണ്. ഇത് ദ്വിതീയ പ്രതിഫലനങ്ങളെ ഇല്ലാതാക്കുന്നു. സാധാരണ സ്ഫടിക കണ്ണാടി നിർമ്മിക്കുന്നതിൽ നിന്ന് വിപരീതമായി ആറന്മുള കണ്ണാടിയിൽ രൂപപ്പെടുന്ന പ്രതിഫലനങ്ങൾ അപവർത്തനത്തിന് വിധേയമാകുന്നില്ല.
ആറന്മുള കണ്ണാടിക്ക് GI ടാഗും ലഭിച്ചിട്ടുണ്ട്.കുടുംബത്തിൽ നിന്നുള്ള ആളുകൾക്ക് പുറമെ മറ്റുള്ളവർക്കും ആറന്മുള കണ്ണാടി നിർമാണത്തിൽ പങ്കാളികൾ ആവാം എങ്കിലും കുടുംബത്തിൽപ്പെട്ട ഒരാൾ ആണ് ലോഹക്കൂട്ട് തയ്യാറാക്കേണ്ടത്. ലോഹക്കൂട്ട് നിർമാണം പാരമ്പര്യമായി കൈമാറി വരുന്ന ഒന്നാണ്.















