ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗ് കളിക്കളം വീണ്ടും ഉണരുന്നു. യൂറോപ്പിലെ ലീഗുകളെല്ലാം പരിസമാപ്തിയിലേയ്‌ക്ക് എത്തുന്നതോടെ ചാമ്പ്യന്‍സ് ലീഗിനായി ആഗസ്റ്റ് മാസം കളിക്കളം തയ്യാറായിക്കഴിഞ്ഞു . എല്ലാ മത്സരങ്ങളും പോര്‍ച്ചുഗലിലെ ലിസ്ബണിലാണ് നടക്കുക. അവശേഷിക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളാണ് ആദ്യം പൂര്‍ത്തിയാകാനുള്ളത്. അത് 8,9 തീയതികളില്‍ നടക്കും. 8-ാം തീയതി യുവന്റസും ലയണും ആദ്യ കളിയില്‍ ഏറ്റുമുട്ടും. രണ്ടാം മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡ് സൂപ്പര്‍ പോരാട്ടം നടക്കും. 9-ാം തീയതി ബയേണ്‍ ചെല്‍സിയേയും ബാഴ്‌സലോണ നാപ്പോളിയേയും നേരിടും.
ക്വാര്‍ട്ടറില്‍ നിലവില്‍ രണ്ടു മത്സരങ്ങളുടെ മാത്രമാണ് ലൈന്‍അപ്പ് ആയിട്ടുള്ളത്. 13-ാം തീയതി അറ്റ്‌ലാന്റയും പാരീസ് ജെര്‍മെയിനും ഏറ്റുമുട്ടും. രണ്ടാം മത്സരത്തില്‍ ലീപ്‌സെഗ് അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും.
എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ചാമ്പ്യന്‍സ് ലീഗില്‍ മാറ്റുരച്ചത്. 12 ദിവസം കൊണ്ട് പ്രീക്വാര്‍ട്ടര്‍ മുതല്‍ എല്ലാ മത്സരങ്ങളും പൂര്‍ത്തിയാകും വിധമാണ് മത്സരക്രമം തയ്യാറാക്കിയിട്ടുള്ളത്. ആഗസ്റ്റ് 13 മുതല്‍ 16 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ആഗസ്റ്റ് 19ന് സെമിഫൈനലും 24ന് ഫൈനലും നടക്കും. പോര്‍ച്ചുഗലിലെ ലിസ്ബണിലാണ് എല്ലാ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും അരങ്ങേറുന്നത്.
ഗ്രൂപ്പ് എയിലെ ആദ്യരണ്ടു സ്ഥാനക്കാര്‍ പാരീസും റയല്‍ മാഡ്രിഡുമാണ്. ഗ്രൂപ്പ് ബിയില്‍ ബയേണ്‍ മ്യൂണിച്ചും ടോട്ടനവും എത്തി. ഗ്രൂപ്പ് സിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും അത്‌ലാന്റയും മുന്നിലെത്തിയപ്പോള്‍ ഡിയില്‍ യുവന്റസും അത്‌ലറ്റികോ മാഡ്രിഡുമാണ് ഒന്നും രണ്ടും സ്ഥാനത്തെത്തിയത്. ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂളും നാപ്പോളിയും, ഗ്രൂപ്പ് എഫില്‍ ബാഴ്‌സലോണയും ഡോട്ട് മുണ്ടും മുന്‍നിരക്കാരായി. ഗ്രൂപ്പ് ജിയില്‍ നിന്ന് ലീപ്‌സെഗും ലയണും ഗ്രൂപ്പ് എച്ചില്‍ നിന്ന് വലന്‍സിയയും ചെല്‍സിയും പ്രീ ക്വാര്‍ട്ടറിലേയ്‌ക്ക് കടന്ന ടീമുകളാണ്.















