അയോദ്ധ്യയിൽ ശ്രീരാമ ജന്മഭൂമിയിൽ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടക്കുമ്പോൾ ഏറ്റവും കൂടുതൽ ഓർക്കേണ്ടവരിൽ ഒരാളാണ് കോഴിക്കോടുകാരനായ കെ.കെ മുഹമ്മദ്. ആർക്കിയോളജിക്കൽ സർവേയുടെ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റും ഉത്തരമേഖലയുടെ റീജിയണൽ ഡയറക്ടറുമായിരുന്ന കെ.കെ മുഹമ്മദാണ് ഇടത് ചരിത്രകാരന്മാരുടെ പച്ചക്കള്ളങ്ങൾ പൊളിച്ചടുക്കി തർക്കമന്ദിരത്തിന് താഴെ ക്ഷേത്രമുണ്ടായിരുന്നുവെന്ന സത്യം തുറന്ന് പറഞ്ഞത്. അതിന്റെ പേരിൽ സ്ഥലം മാറ്റമുൾപ്പെടെ നേരിടേണ്ടി വന്നെങ്കിലും സത്യത്തിൽ ഉറച്ചു നിന്നു അദ്ദേഹം.
1990 ഡിസംബറിലായിരുന്നു തർക്കമന്ദിരത്തിന് കീഴെ ക്ഷേത്രഭാഗമുണ്ടെന്ന ധീരവും വസ്തുനിഷ്ഠവുമായ പ്രഖ്യാപനം പ്രമുഖ ദിനപത്രങ്ങളിലൂടെ അദ്ദേഹം നടത്തിയത്.1978 ൽ പ്രൊ. ബിബി ലാലിന്റെ നേതൃത്വത്തിൽ നടന്ന അയോദ്ധ്യപര്യവേഷണ സംഘത്തിൽ കെ കെ മുഹമ്മദും അംഗമായിരുന്നു . അന്ന് കണ്ടെത്തിയ കാര്യങ്ങൾ അദ്ദേഹം ഞാനെന്ന ഭാരതീയൻ എന്ന തന്റെ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട് .
“ പര്യവേഷണത്തിനായി ഞാനവിടെ എത്തുമ്പോൾ ബാബറി മസ്ജിദിന്റെ ചുമരുകളിൽ ക്ഷേത്രത്തൂണുകളുണ്ടായിരുന്നു. തൂണുകളുടെ താഴ്ഭാഗത്ത് 11-12 നൂറ്റാണ്ടുകളിലെ ക്ഷേത്രത്തിൽ കാണാറുള്ളത് പോലെയുള്ള പൂർണകലശം കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രകലയിൽ പൂർണകലശം എട്ട് ഐശ്വര്യ ചിഹ്നങ്ങളിലൊന്നാണ് .ഇത്തരത്തിലുള്ള ഒന്നോ രണ്ടോ തൂണുകളല്ല , മറിച്ച് പതിനാല് തൂണുകൾ 1992 ൽ പള്ളി പൊളിക്കുന്നതിനു മുൻപുണ്ടായിരുന്നു “
അൻപതിൽപരം ക്ഷേത്രത്തൂണുകളുടെ പ്ളാറ്റ്ഫോം കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി . ഒപ്പം അഭിഷേക ജലമൊഴുകിപ്പോകാനുള്ള മകരപ്രണാളിയും ലഭിച്ചു . ക്ഷേത്രവുമായി ബന്ധപ്പെട്ട 263 ഓളം പുരാവസ്തുക്കളാണ് ഉത്ഖനനത്തിൽ നിന്ന് ലഭിച്ചതെന്നും കെ.കെ മുഹമ്മദ് വ്യക്തമാക്കി.
മദ്ധ്യഭരണകാലത്ത് മുസ്ളിം രാജാക്കന്മാർക്ക് തെറ്റു പറ്റിയെന്ന് സമ്മതിക്കാൻ മുസ്ളിങ്ങൾ തയ്യാറായാലും കമ്യൂണിസ്റ്റുകാർ അതിൽ നിന്ന് അവരെ പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന ശ്രദ്ധേയമായ നിരീക്ഷണവും കെ കെ മുഹമ്മദ് നടത്തി . മഥുരയിലെ കൃഷ്ണജന്മസ്ഥാനത്തിനടുത്തുള്ള പള്ളി , പൊളിച്ച ക്ഷേത്രങ്ങളുടെ ഭാഗമുപയോഗിച്ച് നിർമ്മിച്ചതാണെന്ന പരമമായ സത്യം അവർ ഒരിക്കലും അംഗീകരിച്ച് തരികയില്ല്ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കമ്യൂണിസ്റ്റ് ചരിത്രകാരന്മാർ ഈ വിഷയത്തിൽ ഉന്നയിച്ച പച്ചക്കള്ളങ്ങളെല്ലാം പൊളിഞ്ഞടുങ്ങാൻ കെ.കെ മുഹമ്മദിന്റെ കണ്ടെത്തലുകൾ സഹായിച്ചു. രാമജന്മഭൂമി വിഷയം സമാധാന പരമായി സമവായത്തോടെ പരിഹരിക്കാമായിരുന്നത് വഷളാക്കിയത് ഇടത് ചരിത്രകാരന്മാരുടെ ഇടപെടലായിരുന്നുവെന്ന് അദ്ദേഹം വസ്തു നിഷ്ഠമായി തന്നെ തെളിയിക്കുകയും ചെയ്തു.
രാമജന്മഭൂമിക്കും ശ്രീരാമ ഭക്തർക്കും അനുകൂലമായി സുപ്രീം കോടതി വിധി പ്രസ്താവിച്ചതിൽ അദ്ദേഹം കണ്ടെത്തിയ തെളിവുകൾ നിർണായക പങ്കു വഹിക്കുകയും ചെയ്തു















