ഏതൊരു പ്രവാസിയും വിഷമഘട്ടത്തിൽ ഓർത്തിരുന്ന ഒരു പേര് , സുഷമ സ്വരാജ് . അമ്മയുടെയും , ഭരണാധികാരിയുടെയും സ്നേഹവും , ധൈര്യവും പകർന്നു നൽകിയ പേര് മുൻ വിദേശകാര്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുഷമ സ്വരാജ് ഓർമ്മയായിട്ട് ഒരു വർഷം തികയുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ന്യൂഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം.
ഹരിയാനയിലെ പാൽവാലിൽ 1952 ഫെബ്രുവരി 14ന് ജനിച്ചു. സംസ്കൃതത്തിലും , പൊളിറ്റിക്കൽ സയൻസിലും ബിരുദം നേടി. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമബിരുദവും കരസ്ഥമാക്കി. വിദ്യാർത്ഥി സംഘടനയായ എ ബി വി പി യിലൂടെ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ചു. അടിയന്തരവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു.
1973ൽ സുപ്രീംകോടതിയിൽ അഭിഭാഷകയായി ഔദ്യോഗികവൃത്തിയിലേക്ക് പ്രവേശിച്ചു. 1977 മുതൽ 1982 വരെയും 1987 മുതൽ 1990 വരെയും ഹരിയാനയിലെ അമ്പാല കന്റോറോൺമെന്റ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1977ൽ ഹരിയാന നിയമസഭയിൽ തൊഴിൽ മന്ത്രിയായി പ്രവർത്തിച്ചു. 1990ൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1996ൽ ദക്ഷിണ ഡൽഹിയിൽ നിന്നുള്ള ലോക്സഭാംഗമായി.
1998ൽ ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായി. ഹരിയാനയിലും ഉത്തരാഞ്ചലിലും മധ്യപ്രദേശിലും നിന്നു രാജ്യസഭയിലേക്കെത്തിയ സുഷമ, രണ്ടു തവണ ലോക്‌സഭയിലെത്തിയതു സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്നാണ്. 2009ലും 2014ലും മധ്യപ്രദേശിലെ വിദിശയിൽ നിന്നായിരുന്നു ലോക്‌സഭാ വിജയം.
2014 മെയ് 26 മുതല്‍ 2019 മെയ് വരെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച സുഷമാ സ്വരാജ് ഇന്ത്യയുടെ ആദ്യത്തെ മുഴുവന്‍ സമയ വനിതാ വിദേശകാര്യ മന്ത്രിയായിരുന്നു.കഴിഞ്ഞ നരേന്ദ്രമോദി സർക്കാരിൽ വിദേശകാര്യമന്ത്രിയായി പ്രവർത്തിച്ചു.
രണ്ടാം മോദി മന്ത്രി സഭയില്‍ ഒഴികെ കേന്ദ്രത്തിലെ എല്ലാ ബിജെപി സര്‍ക്കാറിന്റെയും ഭാഗമായിരുന്നു സുഷമാസ്വരാജ്.അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായി സേവനമനുഷ്ഠിച്ചു.2009 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 15-ാമത് ലോക്‌സഭയിലേക്ക് മധ്യപ്രദേശിലെ വിദിഷ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രിയായിരിക്കെ, സാധാരണക്കാര്‍ക്ക് ഏറ്റവും സ്വീകാര്യയായ മന്ത്രിയായി സുഷമാസ്വരാജ് അംഗീകരിക്കപ്പെട്ടു.
കേന്ദ്ര ആരോഗ്യമന്ത്രി എന്ന നിലയിൽ ഭോപ്പാൽ, ഭുവനേശ്വർ, ജോധ്പൂർ, പട്ന, റായ്പൂർ, ഋഷികേശ്, എന്നിവിടങ്ങളിൽ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിച്ചു. രാഷ്‌ട്രീയ ഭേദമന്യേ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ വരെ ലോകനേതാക്കളുമായി അടുപ്പം സൂക്ഷിച്ചിരുന്നു.. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയ ബില്ലിനെ സ്വാഗതം ചെയ്ത സുഷ്മ സ്വരാജ് മോദിക്ക് നന്ദി അറിയിച്ച് ട്വിറ്ററിൽ കുറിച്ചിരുന്നു.
‘ ഈയൊരു ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു ,നരേന്ദ്രമോദി ജി- പ്രധാനമന്ത്രി നന്ദി, വളരെ നന്ദി. എന്റെ ജീവിതത്തിൽ ഈ ദിവസത്തിനായാണ് ഞാൻ കാത്തിരുന്നത്. ‘
മികച്ച പാർലമെന്റെറിയൻ അവാർഡും സുഷമ സ്വരാജിന് ലഭിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രിയായിരിക്കെ ചൈന-ഇന്ത്യ ഉൾപ്പെടെ തന്ത്രപരമായി നിരവധി പ്രശ്നങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. രാഷ്‌ട്രീയത്തിന് അതീതമായി പലരും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിന്റെ ഉടമകൂടിയാണ് സുഷമ സ്വരാജ്.















