ശങ്കരന്‍ കുട്ടി പൊറ്റെക്കാട് എന്ന എസ്. കെ. പൊറ്റെക്കാട് 1982 ലെ ഒരു ഓഗസ്റ്റ് ആറിനാണ് തന്‍റെ കഥ പൂര്‍ത്തിയാക്കി മടങ്ങിയത്. 38 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കഥകള്‍ക്ക്, യാത്രാവിവരണങ്ങള്‍ക്ക് എന്തൊരു പുതുമയാണ് , എന്തൊരു തെളിച്ചമാണ്.
അദ്ദേഹത്തിന്‍റെ വ്യക്തിമുദ്ര പതിയാത്ത മേഖലകള്‍ സാഹിത്യത്തില്‍ കുറവായിരുന്നു. അനേകം നോവലുകള്‍ , ചെറുകഥകള്‍ , കുറച്ചു കവിതകള്‍, യാത്രാവിവരണങ്ങള്‍ , നാടകങ്ങള്‍ , ഓര്‍മ്മകുറിപ്പുകള്‍ … അങ്ങനെ അദ്ദേഹം തന്നതിനെയെല്ലാം മലയാളി ഏറ്റെടുത്തു . ജ്ഞാനപീഠവും കേരള- കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ഉള്‍പ്പെടെ നല്‍കി നാട് ആ എഴുത്തുകാരനെ ആദരിച്ചു.
” ഈ കടലിനുമപ്പുറം എന്തായിരിക്കും” എന്നു നമ്മള്‍ ചിന്തിച്ച്പോലും തുടങ്ങും മുന്‍പാണ് പൊറ്റെക്കാട് കടലുകള്‍ താണ്ടി അന്യദേശങ്ങളില്‍ പോയി അവിടുത്തെ സംസ്കാരത്തെ പറ്റി നമ്മോടു പറഞ്ഞത്. ‘ കാപ്പിരികളുടെ നാട്ടില്‍ ‘ , ‘സിംഹഭൂമി’ , ‘നൈല്‍ ഡയറി ‘, തുടങ്ങിയ യാത്രാവിവരണങ്ങള്‍ അതുവരെ നിഗൂഢമായിരുന്ന ആഫ്രിക്കയെ നമുക്ക് മുന്‍പില്‍ തുറന്നു കാട്ടി .സോവിയറ്റ് ഡയറിയും , പാതിരാസൂര്യന്‍റെ നാട്ടിലും,, ലണ്ടന്‍ നോട്ട്ബുക്കും എല്ലാം ഈ ഭൂഗോളം വളരെ വളരെ വിശാലമാണെന്ന് നമ്മോടു പറഞ്ഞു. എവിടെയെല്ലാം പോയാലും മതിവരാത്ത ഒരു ലോകസഞ്ചാരിയായിരുന്നു അദ്ദേഹം .
ഗുരുവായൂരപ്പന്‍ കോളേജിലെ കോളേജ് മാഗസിനില്‍ 1928 ല്‍ പ്രസിദ്ധീകരിച്ച ‘രാജനീതി’ ആയിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ കഥ . ആദ്യ നോവല്‍ ‘നാടന്‍ പ്രേമം’ പ്രസിദ്ധീകരിക്കുന്നത് 1941 ലാണ് . കൃഷ്ണകുറുപ്പിന്‍റെയും രാധയുടെയും തുടങ്ങി ഒരുപാട് മനുഷ്യ ജീവിതങ്ങളെ പച്ചയായി വരച്ചിട്ട ‘ ഒരു തെരുവിന്‍റെ കഥ ‘ 1960 ല്‍ അദ്ദേഹത്തിന് ഒരുപാട് പ്രശസ്തി നേടികൊടുത്തു. ആ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു .
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും, കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ച ‘ ഒരു ദേശത്തിന്‍റെ കഥ’ ആണ് അദ്ദേഹത്തിനെ ദേശാന്തരങ്ങളുടെ കഥാകാരന്‍ ആക്കിയത് . അതിരാണിപ്പാടം എന്ന ഗ്രാമവും ശ്രീധരനും മലയാളിയുടെ വ്യക്തിത്വത്തിന്‍റെ മറ്റൊരും വശം തന്നെ ആയിരുന്നു .ശ്രീധരന്‍ തന്‍റെ ജനനം മുതല്‍ പരിചയപ്പെടുന്ന ആളുകള്‍ എല്ലാം ഒരു ദേശത്തിന്‍റെ കഥയിലെ കഥാപാത്രങ്ങള്‍ ആയി. എല്ലാ കഥാപാത്രങ്ങളും ഒരേ പോലെ പ്രാധാന്യമുള്ളവയായി. 1980 ൽ ജ്ഞാനപീഠപുരസ്ക്കാരവും അദ്ദേഹത്തെ തേടിയെത്തി.
ഒരുപാട് കഥകള്‍ പറയാന്‍ ബാക്കിവെച്ചാണ് എസ് . കെ . പൊറ്റെക്കാട് യാത്രയായത് . അദ്ദേഹത്തിന്‍റെ രചനകളുടെ വീണ്ടും വീണ്ടും ഉള്ള വായനകള്‍ അര്‍ത്ഥങ്ങളുടെ പുത്തന്‍ വാതായനങ്ങള്‍ തുറന്നിടുന്നു . പുതിയ കഥകള്‍ അതില്‍ നാമ്പിടുന്നു. ‘ചന്ത്രകാന്ത’ ത്തില്‍ ഇരുന്നു പൊറ്റെക്കാട് പിന്നേയും എഴുതുന്നു.
















Comments