അമേരിക്കൻ സാഹിത്യകാരനും , സംവിധായകനും , നിർമ്മാതാവും ആയിരുന്ന സിഡ്നി ഷെൽഡൺ എന്നും തന്റെ വായനക്കാരെ കഥയിൽ നിറയുന്ന അപ്രതീക്ഷിത വഴിതിരുവകളിലൂടെ ഹരം കൊള്ളിച്ചിരുന്നു . ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വിറ്റു പോകുന്ന ലോകത്തെ ആദ്യത്തെ പത്ത് എഴുത്തുകാരിൽ ഇന്നും സിഡ്നി ഷെൽഡൺ ഉൾപ്പെടുന്നു എന്നുള്ളത് , അദ്ദേഹത്തിന്റെ എഴുത്തുകളുടെ പ്രത്യേക വിളിച്ചോതുന്നു . തന്റെ കൃതികൾ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടതിലൂടെ അദ്ദേഹം ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിക്കുകയായിരുന്നു . അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഇതുവരെ മുന്നൂറ് മില്യൺ കോപ്പികളിൽ കൂടുതൽ വിറ്റു പോയിരിക്കുന്നു .
1917 ൽ ചിക്കാഗോയിൽ ജനിച്ച സിഡ്നി ഷെൽഡൺ , രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളത്തിൽ പൈലറ്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ആരോഗ്യ പ്രശ്നങ്ങൾ മൂലം പട്ടാളത്തിൽ നിന്ന് വിരമിച്ച അദ്ദേഹം , പിന്നീട് ഹോളിവുഡ് സിനിമയുടെ അണിയറപ്രവർത്തനങ്ങളിൽ സജീവമാകുകയായിരുന്നു . എഴുത്തിൽ വ്യത്യസ്ത പുലർത്തിയിരുന്ന അദ്ദേഹം വളരെ പെട്ടെന്ന് തന്നെ പ്രശസ്തിയുടെ ഉന്നതങ്ങളിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു .
ഹോളിവുഡ് സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും പ്രശസ്തനായി തീർന്ന അദ്ദേഹം , തന്റെ ആദ്യ നോവൽ എഴുതിയത് 1969 ലാണ് . “ദി നേക്കഡ് ഫേസ് ” എന്ന പേരിൽ ഇറങ്ങിയ പുസ്തകം , നിഗൂഢതകൾ നിറഞ്ഞ കഥകൾ എഴുതുന്നവരുടെ ഇടയിൽ നിന്നും മികച്ച നോവലിനുള്ള ,എഡ്ഗാർ അലൻ പോ അവാർഡിനായി നാമനിർദേശം ചെയ്യപ്പെട്ടു . അദ്ദേഹത്തിന്റെ നോവലുകൾ എന്നും അതിശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെയാണ് സഞ്ചരിച്ചിട്ടുള്ളത് . ആദ്യ നോവൽ ഇറങ്ങിയ കാലം മുതൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വിറ്റുപോകുന്നവരുടെ ഇടയിൽ സിഡ്നി ഷെൽഡൺ എന്നും ഒന്നാം സ്ഥാനത്തായിരുന്നു . അദ്ദേഹത്തിന്റെ മിക്ക കൃതികളും സിനിമയോ പരമ്പരയോ ആയി ദൃശ്യവൽക്കരിക്കപ്പെട്ടിട്ടുണ്ട് . പ്രശസ്തമായ ടോണി അവാർഡ് , ഓസ്കാർ അവാർഡ് , എമ്മി അവാർഡ് എന്നിവ നേടിയ ഏക എഴുത്തുകാരൻ ഒരുപക്ഷെ സിഡ്നി ഷെൽഡൺ മാത്രമായിരിക്കും .
“ദി സ്റ്റാർ ഷൈൻസ് ഡൗൺ “, റേജ് ഓഫ് ഏയ്ഞ്ചൽസ് , ദി സാൻഡ്‌സ് ഓഫ് ടൈം , വിൻഡ്മിൽസ് ഓഫ് ദി ഗോഡ് , മാസ്റ്റർ ഓഫ് ദി ഗെയിം ” തുടങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലുകളിൽ ചിലത് മാത്രമാണ് .
തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കാൻ ഒരു മാസം ബാക്കി നിൽക്കെ 2007 ജനുവരിയിൽ ന്യുമോണിയ ബാധിച്ചു അദ്ദേഹം നിര്യാതനായി .
















Comments