ലിസ്ബണ്‍: സ്പാനിഷ് കരുത്തന്മാരെ വീഴ്‌ത്തി ഇംഗ്ലീഷ് നിര. ചാമ്പ്യന്‍സ് ലീഗിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ് സ്പാനിഷ് മുന്‍നിരക്കാരായ റയല്‍ മാഡ്രിഡിന് തോല്‍വി പിണഞ്ഞത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം പാദത്തില്‍ റയലിനെ 2-1ന് വീഴ്‌ത്തിയത്. രണ്ടു പാദത്തിലുമായി 4-2നാണ് സിറ്റി കളി പിടിച്ചത്. ആദ്യ കളിയിലെ ജയത്തിന്റെ മികവിലാണ് സിറ്റി ജയിച്ചത്. ഒരേ ഗോള്‍ വ്യത്യാസത്തില്‍ രണ്ടു കളികളില്‍ ഇരുടീമുകളും ജയിച്ചാല്‍ ആദ്യകളിയില്‍ ജയിക്കുന്നവര്‍ക്കാണ് മുന്‍തൂക്കമെന്ന നിയമമാണ് സിറ്റിയെ തുണച്ചത്.
കളിയുടെ ആദ്യനിമിഷങ്ങളില്‍ത്തന്നെ സിറ്റി മുന്നിലെത്തി. 9-ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിംഗാണ് ഗോള്‍ നേടിയത്. എന്നാല്‍ കരീം ബെന്‍സേമയിലൂടെ റയല്‍ സമനില പിടിച്ചു. 28-ാം മിനിറ്റിലാണ് ബെന്‍സേമയുടെ സമനില ഗോള്‍ പിറന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ നിര്‍ണ്ണായകമായ ഗോളുമായി സിറ്റിയ്‌ക്കുവേണ്ടി ഗാബ്രിയേല്‍ ജീസസ് ഹീറോയായി. 68-ാം മിനിറ്റിലാണ് റയലിനെ പുറത്താക്കിയ സിറ്റിയുടെ ഗോള്‍ പിറന്നത്. ക്വാര്‍ട്ടറില്‍ ലയണാണ് സിറ്റിയുടെ എതിരാളി. നാളെ പ്രീക്വാര്‍ട്ടറില്‍ ബാഴ്‌സലോണ നാപ്പോളിയേയും ബയേണ്‍ ചെല്‍സിയേയും നേരിടും.
Comments