2015 ലെ കണക്കനുസരിച്ചു കേരളത്തിനകത്തും അതിരുകളിലുമായി ഏകദേശം 540 ല്പരം പക്ഷി വർഗ്ഗങ്ങളാണുള്ളത് . അവയിൽ ചില പക്ഷികളെ നമുക്ക് പരിചയപ്പെടാം
1 . ആൽക്കിളി
നെറ്റി മുതൽ കഴുത്തു വരെയും കാലുകൾക്കും നല്ല ചുവപ്പു നിറവും , ശരീരത്തിന് പച്ച നിറവുമുള്ള പക്ഷിയാണ് ആൽക്കിളി . സമുദ്ര നിരപ്പിൽ നിന്നും 1200 മീറ്റർ അടി ഉയരമുള്ള ദക്ഷിണ കേരളത്തിലെ നനവുള്ള നിത്യഹരിത വനങ്ങളുള്ള മലമ്പ്രദേശങ്ങളിലാണ് ഈ പക്ഷിയെ കണ്ടു വരുന്നത് . കാപ്പി കുരു , ആൽമരത്തിൽ നിന്നും പൊഴിയുന്ന വിത്തുകൾ , ഉറുമ്പ് , ചെറിയ കീടങ്ങൾ എന്നിവയാണ് പ്രധാന ഭക്ഷണം .ഇവയുടെ പ്രജനനകാലം ജനുവരി മാസം മുതൽ മാർച്ച് മാസം വരെയാണ് .
2 .ബലികാക്ക
കേരളത്തിൽ കണ്ടു വരുന്ന രണ്ടു തരം കാക്കകളിൽ ഒന്നാണ് ബലികാക്ക . ഏഷ്യൻ ഭൂഖണ്ഡത്തിൽ ധാരാളമായി കണ്ടു വരുന്ന ഒരു പക്ഷി കൂടിയാണ് ബലികാക്കകൾ . എല്ലാവിധത്തിലുമുള്ള ഭക്ഷ്യവസ്തുക്കൾ ഇവ കഴിക്കുന്നതിനാൽ എവിടെ വേണമെങ്കിലും ഇവർ കൂട്ടത്തോടെ വന്നു വസിക്കും .
3 . ചാരമുണ്ടി
കേരളത്തിൽ കാണുന്ന കൊക്കുകളുടെ രാജാവ് എന്ന് പറയാവുന്ന പക്ഷിയാണ് ചാരമുണ്ടി . ചാര നിറവും , നീളമുള്ള കാലുകളും , വെള്ളനിറത്തിലുള്ള വളഞ്ഞ കഴുത്തും , അടിഭാഗം വെളുപ്പ് കലർന്ന ചാരനിറവും , കഴുത്തിന് പിറകിൽ കറുത്തകുത്തുകൾ കൊണ്ടുള്ള തെളിഞ്ഞു കാണുന്ന വര എന്നിവ ഇവയുടെ പ്രത്യേകതകളാണ് .
4 . ചെമ്പൻനത്ത്
വരണ്ട പ്രദേശങ്ങളിൽ കാണുന്ന മൂങ്ങയുടെ വർഗ്ഗത്തിൽ പെട്ട പക്ഷിയാണ് ചെമ്പൻനത്ത്. ഒറ്റക്കോ , ഇണയോടൊപ്പമോ , സംഘമായിട്ടോ ആയിരിക്കും ഇവ സഞ്ചരിക്കുന്നത് . കുറ്റികാടുകളിലും , ഇലപൊഴിയുന്ന വനപ്രദേശങ്ങളിലും ഇവയെ കാണാൻ സാധിക്കും . വൃത്താകൃതിയിൽ ഉള്ള തലയും തവിട്ടു നിറമുള്ള ചിറകുകളുമാണ് ഇവക്കുള്ളത് . പ്രാണികൾ , ചെറിയ പക്ഷികൾ , എലി എന്നിവയാണ് പ്രധാന ഭക്ഷണം .
5 . ചെറുതേന്‍കിളി
തേൻ ഉണ്ണുന്ന കിളികളിൽ വെച്ച് ഏറ്റവും ചെറുതായ ചെറുതേൻകിളിക്ക് , മഞ്ഞതേൻകിളിയുമായി സാദൃശ്യമുണ്ട് . കഴുത്തിന് ചുറ്റും ചുവപ്പു നിറമാണ് ഇവക്കുള്ളത് . പൂന്തേൻ ആണ് പ്രധാന ഭക്ഷണം . എട്ടുകാലി , പാറ്റ , പുഴുക്കൾ എന്നിവയെയും ഇവ ആഹാരമാക്കാറുണ്ട് . ഇവയുടെ പ്രജനനകാലം ജനുവരിക്കും ഒക്ടോബർ മാസത്തിനുമിടക്കാണ് .
Comments