ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കൊടിയ ക്രൂരതകൾക്കെതിരെ ബോംബെറിഞ്ഞതിന് വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന ഖുദീറാം ബോസ് എന്ന ചെറുപ്പക്കാരന്റെ ഒരു ബലിദാന ദിനം കൂടി കടന്നു പോയി. അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കുറച്ച് സമയം കൂടി തന്നാൽ ജഡ്ജിയെ ബോംബ് ഉണ്ടാക്കാൻ പഠിപ്പിക്കാം എന്ന് മറുപടി നൽകിയ പതിനെട്ടുവയസുകാരനായ ധീര യോദ്ധാവായിരുന്നു ഖുദിറാം.
1889 ഡിസംബർ മൂന്നിന് ബംഗാളിലെ മിഡ്നാപ്പൂർ ജില്ലയിലെ ഹബീബ്പൂരിൽ തഹസിൽദാർ ത്രൈലോകനാഥ് ബോസിന്റെയും ലക്ഷ്മിപ്രിയാ ദേവിയുടെയും മകനായി ജനിച്ചു. ആറുവയസിൽ അച്ഛനെയും അമ്മയെയും നഷ്ടമായി. ചേച്ചിയായ അപരൂപയും ഭർത്താവ് അമൃത് ലാലുമാണ് പിന്നീട് ഖുദീറാമിന് കൂട്ടായി ഉണ്ടായിരുന്നത്.
ബ്രിട്ടീഷ് ഭരണത്തിനെതിരെ തെരുവോരങ്ങളിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി. ബംഗാൾ വിഭജനത്തെ തുടർന്ന് ജനങ്ങൾ രോഷാകുലരായി. ക്ലാസ്സിലെ പഠനങ്ങൾക്കിടയിലും ഖുദീറാമിന്റെ മനസ് സമരപോരാളികൾക്കൊപ്പമായിരുന്നു. ആയിടെയാണ് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ‘ആനന്ദമഠ്’ എന്ന നോവൽ വായിക്കുകയും ഭാരതത്തിന് വേണ്ടി സ്വയം സമർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ജനക്കൂട്ടങ്ങളിൽ ബ്രിട്ടീഷുകാർക്കെതിരായ ലഘുലേഖകൾ വിതരണം ചെയ്തു.
അരബിന്ദോയുടെയും സിസ്റ്റർ നിവേദിതയുടെയും പ്രഭാഷണങ്ങൾ അദ്ദേഹത്തിന് പ്രചോദനമായി.
അരബിന്ദോയുടെ പത്രാധിപത്യത്തിലിറങ്ങിയ ‘വന്ദേമാതരം’ രാജ്യദ്രോഹകുറ്റമായി കണക്കാക്കി. വിചാരണ നടക്കുമ്പോൾ കോടതിക്ക് പുറത്ത് തടിച്ചുകൂടിയ യുവാക്കളെ പോലീസ് മർദിക്കുകയും ഇത് ചോദ്യം ചെയ്ത സുശീൽകുമാർ എന്ന പതിനഞ്ച് വയസുകാരനെ കെട്ടിയിട്ട് അടിക്കാൻ കിങ്‌സ്ഫോർഡ് ഉത്തരവിടുകയും ചെയ്തു. മുസഫർപൂരിലേക്ക് സ്ഥലം മാറിയിട്ടും കിങ്‌സ്ഫോർഡിന്റെ സ്വഭാവത്തിൽ മാറ്റം ഉണ്ടായില്ല. ഇദ്ദേഹത്തെ ഇല്ലാതാക്കാൻ യുഗാന്തർ എന്ന സംഘടന തീരുമാനിക്കുകയും ആക്രമണത്തിന്റെ ചുമതല ഖുദീറാം ബോസിനും പ്രഫുല്ലകുമാർ ചാകിക്കും ഏൽപ്പിക്കുകയും ചെയ്തു. രണ്ട് തോക്കുകൾ, ബോംബുകൾ, ആവശ്യത്തിനുള്ള പണം എന്നിവയുമായി മുസഫർപൂരിലെത്തിയ ഇവരെ തിരിച്ചറിയാതിരിക്കാൻ ഹരേൻ സർക്കാർ, ദിനേശ് ചന്ദ്ര റോയി എന്നീ പേരുകൾ അവർ തിരഞ്ഞെടുത്തു.
1908 ഏപ്രിൽ 30ന് മുസഫർപൂരിലെ യൂറോപ്യൻ ക്ലബ്ബിന് പുറത്ത് പതുങ്ങിയിരുന്നു. അത് വഴി വന്ന കുതിരവണ്ടിക്ക് നേരെ ബോംബെറിഞ്ഞു. പ്ലീഡറായ പ്രിങ്കിൾ കെന്നഡിയുടെ ഭാര്യയും മകളും ആയിരുന്നു ആ കുതിരവണ്ടിയിൽ ഉണ്ടായിരുന്നത്. ആക്രമണത്തിൽ ഇരുവരും കൊല്ലപ്പെട്ടു. അവിടെ നിന്നും രക്ഷപ്പെട്ടുവെങ്കിലും ഖുദീറാം പിടിയിലായി. പിടിക്കപ്പെടും എന്നുറപ്പായപ്പോൾ പ്രഫുല്ലകുമാർ സ്വയം നിറയൊഴിച്ചു.
സെഷൻസ് കോടതിയാണ് ഖുദീറാമിന് വധശിക്ഷക്ക് വിധിച്ചത്. ചിരിതൂകി നിന്ന ഖുദീറാമിനോട് ‘വിധി മനസിലായോ’ എന്ന് ജഡ്ജി ചോദിച്ചപ്പോൾ ഉവ്വെന്ന് ചിരിച്ചുകൊണ്ട് തന്നെ ഖുദീറാം മറുപടി നൽകി. ഇനിയെന്തെങ്കിലും പറയാൻ ഉണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് ‘കുറച്ച് സമയം കൂടി തന്നാൽ ജഡ്ജിയെ ബോംബ് ഉണ്ടാക്കാൻ പഠിപ്പിക്കാം’ എന്നായിരുന്നു ഖുദീറാമിന്റെ മറുപടി.
1908 ആഗസ്റ്റ് 11ന് ഖുദീറാം ബോസിനെ വധശിക്ഷയ്‌ക്ക് വിധേയനാക്കി.
















Comments