ചെടികള്‍ വീടിന് അലങ്കാരം തന്നെയാണ്. പല തരത്തിലുള്ള ചെടികള്‍ വീടുകളില്‍ വെച്ചു പിടിപ്പിക്കുന്നതായി കണാറുണ്ട്. അവയെല്ലാം തന്നെ വീടിന്റെ ഭംഗിയും കൂട്ടുന്നു. ലോക് ഡോണ്‍ കാലത്ത് പല വീടുകളിലും സ്ത്രീകള്‍ക്ക് പുറമെ പുരുഷന്മാരും കുട്ടികളും കൂടി ഇതിനായി ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ചെടികള്‍ നടാനുള്ള സ്ഥലം ഇല്ല എന്നത് മിക്ക വീടുകളിലെയും പ്രധാന പ്രശ്‌നമാണ്. വീടും ചുറ്റുമതിലും അതിനുള്ളില്‍ ഇത്തിരി മുറ്റവും മാത്രമാണ് സാധാരണയായി വീടുകളില്‍ കാണാറുള്ളത്. മുറ്റത്ത് ചെടി വച്ചു പിടിപ്പിക്കാനുള്ള സ്ഥലമില്ലാത്തതിനാല്‍ ടെറസിലും മറ്റുമായി ചെടികള്‍ നട്ടുപിടിപ്പിക്കുന്നവരും ഉണ്ട്.
പക്ഷേ താമര വീട്ടില്‍ വളര്‍ത്തുന്നത് അധികം കാണാറില്ല. കാരണം അതിനുള്ള സ്ഥലമില്ല എന്നതു തന്നെയാണ്. വീടുകളുടെ മുറ്റത്ത് കൊച്ചു കുളമുണ്ടാക്കി അതിലാണ് താമര വെച്ചുപിടിപ്പിക്കുന്നത്. ചുരുക്കം ചില വീടുകളിൽ മാത്രമേ അതിനുളള സ്ഥലം ഉണ്ടാവുകയുളളൂ. എന്നാല്‍ സാധാരണക്കാരന്റെ കൊച്ചു വീട്ടിലും താമര വിരിയിക്കാം. താമര വിത്തുകള്‍ അനുകൂല സാഹചര്യങ്ങള്‍ ലഭിച്ചാല്‍ പോലും മുളയ്‌ക്കാത്തയിനമാണ്. ഇതിന്റെ പ്രധാന കാരണം അവയുടെ കട്ടിയുള്ള പുറം തോടാണ്. എത്രകാലം വെള്ളത്തില്‍ കിടന്നാലും ഇത്തിരി പോലും ജലാംശം ഉള്ളില്‍ കിടക്കുകയില്ല. താമര വിത്തുകള്‍ ഓവല്‍ ആകൃതിയിലാണ് കാണാന്‍ സാധിക്കുക. അതിന്റെ അറ്റം കൂര്‍ത്തിരിക്കുന്നു. ഇതിന്റെ രണ്ടു വശവും ചെറുതായി പൊട്ടി ച്ചെടുക്കണം. ശേഷം വിത്ത് ഒരു ഗ്ലാസില്‍ വെള്ളമെടുത്ത് അതില്‍ ഇട്ടു വയ്‌ക്കുക. വെള്ളത്തിന്റെ നിറം മാറുന്നതിനനുസരിച്ച് വെള്ളം മാറ്റി കൊടുക്കുക.
കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ വിത്ത് ഇരട്ടി വലിപ്പം വയ്‌ക്കും. പിന്നീട് മുള പൊട്ടി തുടങ്ങും. മുള പുറത്തേക്ക് വന്നാല്‍ മാത്രമേ ഇലകള്‍ വിരിഞ്ഞു തുടങ്ങുകയുളളൂ. നാലു ഇലകള്‍ വരുന്നതു വരെയുള്ള ഊര്‍ജം വിത്തിനുളളില്‍ തന്നെ ഉണ്ടാകും. ഒരു മാസം വിത്ത് വെള്ളത്തില്‍ തന്നെ കിടക്കും. അതിനിടെ വേരുകള്‍ മുളയ്‌ക്കാന്‍ തുടങ്ങുമ്പോള്‍ ശ്രദ്ധയോടെ വെള്ളത്തില്‍ നിന്നും എടുത്തു മറ്റൊരു വ്യാസമുള്ള പാത്രത്തില്‍ ചളി, ചിരല്‍, മണ്ണിര കമ്പോസ്റ്റ് എന്നിവ നിറച്ച് അതില്‍ മുക്കാല്‍ഭാഗം വെള്ളവുമൊഴിച്ച് മാറ്റി നടണം. അഞ്ചാമത്തെ ഇല വരുന്നത് അതിനുശേഷമാണ്. തുടര്‍ന്ന് ചെടി വലുതാകുന്നതിനനുസരിച്ച് പാത്രവും വലുതാക്കി കൊടുക്കാം. നല്ല ഭംഗിയുള്ള താമരകള്‍ നമ്മുടെ വീട്ടിലും വിരിയും സാധാരണ പൂക്കളെ പോലെ തന്നെ താമരയും നമുക്ക് പരിമിതമായ സ്ഥലത്ത് വളര്‍ത്താവുന്നതാണ്.
















Comments