ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള എല്ലാ ചടങ്ങുകളിലും നിലവിളക്കിന്റെ പ്രാധാന്യം വളരെ വലുതാണ്. ഏതു ചടങ്ങുകളില്‍ ആയാലും നിലവിളക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നു തന്നെയാണ്. വീടുകള്‍ സന്ധ്യാസമയത്ത് നിലവിളക്ക് കത്തിച്ചു വയ്‌ക്കുന്നതിലൂടെ വീട്ടില്‍ ലക്ഷ്മീ ദേവിയെ കയറ്റി ഐശ്വര്യം കൊണ്ടു വരുന്നു എന്നതാണ് സങ്കല്‍പം.
നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും മധ്യഭാഗം വിഷ്ണു ഭഗവാനെയും മുകള്‍ ഭാഗം ശിവനെയുമാണ് കാണിക്കുന്നത്. നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതിദേവിയെയും നാളത്തിലെ ചൂട് പാര്‍വ്വതി ദേവിയെയും സൂചിപ്പിക്കുന്നു. ദേഹശുദ്ധി വരുത്തി വേണം വിളക്ക് തെളിയിക്കാന്‍. ഒന്ന്, മൂന്ന്, അഞ്ചേ, ഏഴ് എന്നിങ്ങനെയാണ് വിളക്കില്‍ തിരി തെളിയിക്കേണ്ടത്. എന്നാല്‍ അഞ്ചും ഏഴും തിരി തെളിയിക്കുന്നതാണ് ഉത്തമം. സൂര്യോദയത്തിനും അസ്തമയത്തിനും അഞ്ചു മിനിറ്റ് മുന്‍പേ നിലവിളക്ക് തെളിക്കണം. രാവിലെ കിഴക്ക് ദിക്കിന് അഭിമുഖമായും വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി നിന്നും വേണം തിരിതെളിയ്‌ക്കാന്‍. വിളക്ക്കുടുംബനാഥയാണ് തെളിയിക്കേണ്ടത് എന്നാണ് വിശ്വാസം.
കുടുംബത്തില്‍ ഐശ്വര്യം നിലനിര്‍ത്താനാണ് വിളക്ക് തെളിക്കുന്നത് അതിനാല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും നിലവിളക്കിനെ തൊഴുതു നമസ്‌ക്കരിക്കുന്നതും നാമം ജപിക്കുന്നതും വീട്ടില്‍ ഐശ്വര്യം കൊണ്ടുവരുന്നു. വിളക്ക് കത്തിക്കാന്‍ ഉപയോഗിക്കുന്ന എണ്ണ നല്ലതായിരിക്കണം. പൂജാമുറിയിലോ വീടിന്റെ ഉമ്മറത്തോ ആണ് നിലവിളക്ക് കത്തിച്ചു വയ്‌ക്കേണ്ടത്. വീടിന്റെ വടക്കുകിഴക്കോയോ വീടിന്റെ മധ്യഭാഗത്തോ തെക്കു പടിഞ്ഞാറുഭാഗത്തോയോ വിളക്ക് വയ്‌ക്കാവുന്നതാണ്. വീട്ടില്‍ വിളക്ക് തെളിക്കാതിരിക്കുന്നത് ഐശ്വര്യക്കേടാണ്.
എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഒരു നേരം വിളക്ക് കൊളുത്തിയില്ലെങ്കില്‍ ഈശ്വര കോപമോ ദോഷമോ വരില്ല. ഒരു ദിവസം ആ ഭവനത്തില്‍ ലഭിക്കേണ്ട പോസിറ്റീവ് ഊര്‍ജം അല്പം കുറഞ്ഞിരിക്കുമെന്നേയുള്ളു. കുറച്ചു നേരം മാത്രമേ വിളക്ക് കത്തിച്ചു വയ്‌ക്കാന്‍ പാടുകയുള്ളൂ. വിളക്ക് പടുതിരി കത്താന്‍ പാടില്ല ദോഷമാണെന്നും വിശ്വാസം ഉണ്ട് .
















Comments