മാമ്മല്ലപുരം അഥവാ മഹാബലിപുരം തമിഴ് നാട്ടിലെ ചെങ്കൽപ്പട്ട് ജില്ലയിലുള്ള യുനെസ്കോ അംഗീകരിച്ച പൈതൃകം നിറഞ്ഞു തുളുമ്പുന്ന സുന്ദരമായ സ്ഥലമാണ് . ഏഴ് – എട്ട് നൂറ്റാണ്ടുകളിൽ നിർമ്മിച്ച ഹൈന്ദവ ശില്പങ്ങളും ക്ഷേത്രങ്ങളും ആണ് മഹാബലിപുരത്തിന്റെ പ്രത്യേകത .
പല്ലവ രാജഭരണകാലത്ത് നിലനിന്നിരുന്ന രണ്ടു തുറമുഖ നഗരങ്ങളിൽ ഒന്നാണ് മഹാബലിപുരം . മഹാബലി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നരസിംഹവർമ്മൻ ഒന്നാമന്റെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത് . അദ്ദേഹത്തിന്റെ ഭരണകാലത്ത് മഹാബലിപുരം അതിന്റെ സാമ്പത്തിക അഭിവൃദ്ധിക്കൊപ്പം തന്നെ ജീവനുള്ള പാറകളിൽ തീർത്ത ശില്പങ്ങൾക്കും പ്രസിദ്ധമായി തീർന്നു .
മഹാബലിപുരത്ത് നാല്പതോളം പുരാതന സ്മാരകങ്ങളും ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നു . ഭഗീരഥന്റെ നേതൃത്വത്തിൽ ഗംഗ ആകാശത്തു നിന്ന് ഭൂമിയിലേക്ക് വന്ന കഥ രണ്ടു വലിയ പാറകളിലായി കൊത്തിയിരിക്കുന്നത് മഹാബലിപുരത്തെ സ്മാരകങ്ങളിൽ വച്ച് ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് .
630 നും 668 നും ഇടക്കുള്ള കാലഘട്ടങ്ങളിൽ, പാറക്കല്ലുകളിൽ നിർമ്മിച്ചിട്ടുള്ള രഥത്തിന്റെ മാതൃകയിൽ കൊത്തിയ ക്ഷേത്രങ്ങളിലും , ഗുഹകൾക്കകത്തു നിർമ്മിച്ചിരിക്കുന്ന ക്ഷേത്രങ്ങളിലും , ഭാരതത്തിൽ നിലനിൽക്കുന്ന പലഭാഷകളിൽ മഹാഭാരതത്തിലെയും മറ്റു പുരാണങ്ങളിലെയും വാക്യങ്ങൾ കൊത്തിയിരിക്കുന്നു.
പല്ലവ രാജവംശത്തിന്റെ കാലഘട്ടത്തിലാണ് മഹാബലിപുരത്തുള്ള സകല സ്മാരകങ്ങളും പണി കഴിപ്പിച്ചിട്ടുള്ളത് . 1960 മുതൽ ഇവ സംരക്ഷിച്ചു പോരുന്നത് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ആണ് . പ്രകൃതിയെയും ശില്പകലയെയും ഒരുമപെടുത്തി കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ സ്മാരകങ്ങൾ ഹിന്ദു മതത്തിന്റെ സംസ്കാരവും ഇതിഹാസവും വിളിച്ചോതുന്നു .
രഥങ്ങളുടെയും മണ്ഡപങ്ങളുടെയും രൂപത്തിൽ നിർമ്മിച്ചിരിക്കുന്ന സ്മാരകങ്ങളിൽ കൊത്തിവെച്ചിരിക്കുന്നതു ഹിന്ദു പുരാണത്തിലുള്ള കഥാപാത്രങ്ങളും , സംസ്കൃതത്തിൽ ഉള്ള ശ്ലോകങ്ങളും , ഏഴാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും നിലനിന്നിരുന്ന മതം , സംസ്കാരം , ചരിത്രം എന്നിവയുമാണ് . ആ കാലഘട്ടത്തിലെ വിശ്വാസങ്ങളെയും ജീവിതശൈലികളെയും സൂചിപ്പിക്കുന്ന തെളിവുകളും ശേഷിപ്പുകളുമാണ് മഹാബലിപുരത്തുള്ളത് .
















Comments