ഗുജറാത്തിലെ വഡോദരയുടെ പ്രാന്തപ്രദേശമായ കവി കമ്പോയി എന്ന സ്ഥലത്താണ് കടലിൽ അപ്രത്യക്ഷമാവുകയും വീണ്ടും വെള്ളത്തിൽ നിന്ന് പൊങ്ങി വരുന്നതുമായ അപൂർവ പ്രതിഭാസം നടക്കുന്ന സ്തംഭേശ്വർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .
ഗുജറാത്തിലെ ഈ ശിവക്ഷേത്രം സന്ദർശിക്കേണ്ട ഒന്ന് തന്നെയാണ് . എല്ലാ ദിവസവും കടലിൽ മുങ്ങി പോവുകയും വീണ്ടും പൊങ്ങി വരികയും ചെയ്യുന്ന ശിവക്ഷേത്രമായതിനാൽ , ഇന്ത്യയിലെ അപ്രത്യക്ഷമാവുന്ന ശിവക്ഷേത്രം എന്നാണ് അറിയപ്പെടുന്നത് . പ്രകൃതിയുടെ അത്ഭുത പ്രതിഭാസം നടക്കുന്ന ഈ പുരാതന ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത് അറബി കടലിന്റെ തീരത്തിനും ഗുജറാത്തിലെ കാംബെ ഉൾ കടലിനുമിടയിലാണ് .
എല്ലാ ദിവസവും, ഈ ശിവക്ഷേത്രം ഉയർന്ന വേലിയേറ്റ സമയത്ത് വെള്ളത്തിൽ മുങ്ങുകയും വേലിയേറ്റം കുറയുമ്പോൾ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. വേലിയേറ്റം കുറഞ്ഞു ക്ഷേത്രം പ്രത്യക്ഷപ്പെടുന്ന സമയത്താണ് തീർത്ഥാടകർക്ക് പ്രവേശനം ഉള്ളത് .
ഈ ശിവക്ഷേത്രത്തിന്റെ ഐതിഹ്യം പതിനെട്ട് പുരാണങ്ങളിൽ ഒന്നായ സ്കന്ദപുരാണത്തിൽ പറയുന്നുണ്ട് . ശിവഭഗവാന്റെ പുത്രനായ മുരുകൻ (കാർത്തികേയൻ എന്നും സ്കന്ദൻ എന്നും അറിയപ്പെടുന്നു ) ദേവാസുര യുദ്ധത്തിലെ അസുരനായ താരകാസുരനെ വധിക്കുകയുണ്ടായി . തന്റെ പിതാവിന്റെ ഭക്തനായ താരകാസുരനെ വധിച്ചതിൽ മുരുകന് അത്യധികം മനഃക്ലേശം ഉണ്ടായി . തന്റെ മനഃക്ലേശം മുരുകൻ ദേവന്മാരെ അറിയിക്കുകയുണ്ടായി . അപ്പോൾ മഹാവിഷ്ണു മുരുകനെ ഇപ്രകാരം ആശ്വസിപ്പിച്ചു ” മറ്റുള്ളവരുടെ നാശത്തിന് കാരണക്കാരനായ ദുഷ്ടനായ ഒരു അസുരനെ വധിച്ചതിൽ നീ കുണ്ഠിതപ്പെടേണ്ടതില്ല . എന്നിരുന്നാലും നിനക്ക് തെല്ലും ആശ്വാസം ലഭിക്കുന്നില്ലെങ്കിൽ , ശിവലിംഗം സ്ഥാപിച്ചു പൂജിക്കുന്നത് മനസ്സിന് ശാന്തത പ്രധാനം ചെയ്യും .” ഇതനുസരിച്ചു മുരുകൻ മൂന്ന് ശിവലിംഗങ്ങൾ സ്ഥാപിച്ചു . അതിൽ ഒന്നാണ് സ്തംഭേശ്വർ മഹാദേവ ക്ഷേത്രത്തിൽ ഉള്ളത് .
ലോകമെമ്പാടുമുള്ള തീർത്ഥാടകർ പ്രകൃതിയുടെ അത്ഭുത പ്രതിഭാസം കാണാൻ ഈ ശിവക്ഷേത്രത്തിൽ എത്താറുണ്ട് . വഡോദര, ഭരുച്ച്, ഭാവ് നഗർ തുടങ്ങിയ സ്ഥലങ്ങളുമായി കവി കമ്പോയി റോഡ് മാർഗം ബന്ധപെട്ടു കിടക്കുന്നതിനാൽ ഇവിടെ എത്തിച്ചേരാൻ വളരെ എളുപ്പമാണ് . ഇവിടെ എത്തിയാൽ ശിവക്ഷേത്രം മുങ്ങുന്നതും പൊങ്ങുന്നതും കാണുവാൻ വേണ്ടി ഒരു ദിവസം മുഴുവൻ ചിലവഴിക്കേണ്ടതായി വരും .
Comments