പാറ്റ്‌ന: ബീഹാറില്‍ ശക്തികൂട്ടാന്‍ തീരുമാനിച്ചുറച്ച് ബി.ജെ.പി. സഖ്യകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചയ്‌ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ നേരിട്ടിറങ്ങിയാണ് പ്രബല രാഷ്‌ട്രീയ നേതാക്കളുമായി ചര്‍ച്ച ആരംഭിച്ചിരിക്കുന്നത്. ബീഹാറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പോരാട്ടങ്ങള്‍ക്ക് തുടക്കമിടാനാണ് നദ്ദ പാറ്റ്‌നയിലെത്തിയത്. മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനാണ് ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ചുമതല.
ഇന്നലെ മുതല്‍ ബീഹാറിലുള്ള ജെ.പി.നദ്ദ ഫഡ്‌നവിസിനും സംസ്ഥാന സംഘടനാ ചുമതലയുള്ള ഭൂപേന്ദ്ര യാദവും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ഇന്നുമുതല്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാറിനേയും മറ്റ് നേതാക്കളേയും നേരില്‍കാണും.
സെപ്തംബര്‍ മധ്യവാരത്തോടെ തെരഞ്ഞെടുപ്പുണ്ടാകാനുള്ള സാദ്ധ്യതയാണ് ഏവരും മുന്നില്‍ കാണുന്നത്. ബീഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്‌ട്രീയ പ്രമേയം ബി.ജെ.പി സംസ്ഥാന സമിതി ദേശീയ അദ്ധ്യക്ഷന്റെ മുമ്പാകെ അവതരിപ്പിച്ചു. 2019ലെ ദേശീയ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനരീതിയായ 50-50യിലാണ് ഇത്തവണ സംസ്ഥാനതലത്തിലും പദ്ധതിയിടാന്‍ സാദ്ധ്യത. ഇതിനൊപ്പം ജെ.ഡി.യുവുമായി ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ സഖ്യം 7 സീറ്റുകള്‍ നേടിത്തരുമെന്നും ആകെ 115 സീറ്റുകള്‍ നേടാനാകുമെന്നുമാണ് നിതീഷ് കുമാര്‍ കണക്കുകൂട്ടുന്നത്.
















Comments