തിരുവനന്തപുരം : മതഗ്രന്ഥങ്ങൾ സി.ആപ്റ്റ് വഴി വിതരണം ചെയ്തതിൽ പുതിയ വിശദീകരണവുമായി മന്ത്രി കെ.ടി.ജലീൽ. മസ്ജിദുകളിൽ നൽകാൻ യുഎഇ കോൺസുലേറ്റ് പറഞ്ഞ വിശുദ്ധ ഗ്രന്ഥങ്ങൾ ഭദ്രമായി മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ ഇരിപ്പുണ്ടെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത് .
യുഎഇ കാലങ്ങളായി ആവശ്യക്കാർക്ക് സാംസ്കാരികാചാരത്തിന്‍റെ ഭാഗമായി വേദഗ്രന്ഥങ്ങൾ നൽകി വരാറുള്ളതാണ്. ഇനി ഇവിടെ കൊടുക്കാൻ പാടില്ലെന്നാണ് അധികൃതരുടെ പക്ഷമെങ്കിൽ, വേദനയോടെയാണെങ്കിലും കസ്റ്റംസ് എടുത്തുകൊണ്ടുപോയ ഒരു കോപ്പിയൊഴികെ മറ്റെല്ലാ ഖുർആൻ കോപ്പികളും കോൺസുലേറ്റിനെ തിരിച്ചേൽപ്പിക്കും. വിശ്വാസപരമായ ഉപചാരങ്ങളൊന്നും വർത്തമാന ഇന്ത്യയിൽ പാടില്ലെങ്കിൽ അക്കാര്യം കേന്ദ്രസർക്കാർ അറിയിക്കേണ്ടത് ബന്ധപ്പെട്ട രാജ്യങ്ങളെയാണ്.
എല്ലാ വർഷങ്ങളിലും യു.എ.ഇ എംബസികളും കോൺസുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനിനോടനുബന്ധിച്ച് സ്വയമേവ ചെയ്ത് വരാറുള്ള ഉപചാരങ്ങൾ കൊറോണ സമയമായതിനാൽ ഈ വർഷം സമയത്ത് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ്, തിരുവനന്തപുരത്തുള്ള യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലിന്റെ സൗഹൃദപൂർണ്ണമായ അന്വേഷണത്തെ തുടർന്ന് ഒരു മതാചാര നിർവഹണത്തിന് സഹായിച്ചത് .അതിനാണ് ഗവർണർക്കും , കേന്ദ്ര സർക്കാരിനുമൊക്കെ പരാതി നൽകിയത് . ഇവയുടെയെല്ലാം വെളിച്ചത്തിലാണ് കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം നടക്കാൻ പോകുന്നത്- , ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
നയതന്ത്ര പാഴ്സലില്‍ മതഗ്രന്ഥമെത്തിയതിന്റെ വിശദാംശത്തെ കുറിച്ചുള്ള ചോദ്യങ്ങളുമായി എന്‍ഐഎ രണ്ട് തവണ സെക്രട്ടേറിയറ്റില്‍ എത്തിയിരുന്നു .
Comments