ഭാരതവും ബ്രിട്ടീഷുകാരും തമ്മിലുള്ള ബന്ധം എങ്ങനെ ആയിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ക്രിസ്തുമത പ്രചരണത്തിന് മുൻതൂക്കം നൽകിയിരുന്ന അവർ ഭാരതത്തിൽ സ്ഥാപിച്ച ഏക ക്ഷേത്രമാണ് മധ്യപ്രദേശിലെ അഗർ മൽവയിലുള്ള ബൈജ്നാഥ് ക്ഷേത്രം.

ഹിന്ദു മതവും വിശ്വാസങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ബ്രിട്ടീഷ് ദമ്പതികൾ ഈ ക്ഷേത്രം പണിയാൻ തീരുമാനിച്ചതിന് പിന്നിൽ ഒരു കഥയുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിർമ്മിക്കപ്പെടുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്ന സമയം. 1879ൽ അഫ്‌ഗാനിസ്ഥാനുമായുള്ള യുദ്ധത്തിന് വേണ്ടി ബ്രിട്ടീഷ് സൈന്യത്തിലെ ലെഫ്റ്റനന്റ് കേണലായിരുന്ന സി മാർട്ടിന് അഗർ മൽവ പ്രദേശത്തേക്ക് പോകേണ്ടിവന്നു. എന്നിരുന്നാലും തന്റെ ഭാര്യയ്‌ക്ക് കത്തയക്കാൻ അദ്ദേഹം മറന്നിരുന്നില്ല. യുദ്ധമുന്നണിയിലേക്ക് നിയോഗിക്കപ്പെട്ടതിനാൽ പിന്നീട് കത്തുകൾ എഴുതുവാനോ അയക്കുവാനോ അദ്ദേഹത്തിന് സാധിച്ചില്ല. ഇതേ സമയത്താണ് അഫ്ഗാൻ യുദ്ധത്തിൽ മേൽക്കോയ്മ നേടിയത്. ബ്രിട്ടീഷുകാർക്ക് അഫ്‌ഗാനെ നേരിടാൻ സാധിക്കാത്ത വിധത്തിലും കാര്യങ്ങൾ നീങ്ങുകയുണ്ടായി.
ഇതൊക്കെയറിഞ്ഞ സി മാർട്ടിന്റെ ഭാര്യ ദുഃഖത്തിലായി കുതിരപ്പുറത്ത് കയറി എങ്ങോട്ടെന്നല്ലാതെ സഞ്ചരിച്ചു. സഞ്ചരിക്കുന്നതിനിടയിൽ കേണലിന്റെ ഭാര്യ ബൈജ്നാഥ് ക്ഷേത്രം കാണുകയും അവിടെ കയറാൻ തീരുമാനിക്കുകയും ചെയ്തു. മന്ത്രോച്ചാരണങ്ങളാൽ നിറഞ്ഞ അവിടെ കുറച്ച് ബ്രാഹ്മണർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവളുടെ മുഖത്തെ ദുഃഖം ശ്രദ്ധിച്ച ബ്രാഹ്മണർ കാര്യം തിരക്കുകയും ഭക്തരുടെ വിഷമങ്ങൾക്ക് ശിവഭഗവാൻ പരിഹാരം കാണുമെന്ന് ഉപദേശിക്കുകയും ചെയ്തു. അങ്ങനെ ബ്രാഹ്മണരുടെ വാക്കുകൾ അനുസരിച്ച് 11 ദിവസം ഓം നമശിവായ എന്ന മന്ത്രം ഉരുവിടാനും ലഘുരുദ്രി അനുഷ്ഠാനത്തിനും അവൾ തയ്യാറായി.
സി മാർട്ടിൻ സുരക്ഷിതമായി തിരിച്ച് വന്നാൽ ക്ഷേത്രം പുതുക്കി പണിയാം എന്ന് അവൾ തീരുമാനിച്ചു. ലഘുരുദ്രി അനുഷ്ഠാനം തുടങ്ങീ 11-)o ദിവസം യുദ്ധത്തിൽ തങ്ങൾ ജയിച്ചുവെന്നും താൻ സുരക്ഷിതനാണ് എന്നും എഴുതിയ സി മാർട്ടിന്റെ കത്ത് ഭാര്യയ്‌ക്ക് ലഭിച്ചു. യുദ്ധസമയത്ത് സഹായിക്കാൻ എത്തിയ ഒരു യോഗിയെ കുറിച്ചും സി മാർട്ടിൻ കത്തിൽ ഉൾപ്പെടുത്തിയിരുന്നു.

11 ദിവസത്തെ പ്രാർത്ഥനയാൽ ശിവഭഗവാന്റെ ശക്തി തിരിച്ചറിഞ്ഞ ഇവർ അമ്പലം പുതുക്കി പണിയുന്നതിനായി 15000 രൂപ (ഇന്നത്തെ കാലത്ത് ചെറിയ തുക ആയി തോന്നുമെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിൽ ഇതൊരു വലിയ തുക ആയിരുന്നു എന്ന കാര്യം മറക്കരുത്) നൽകുകയും ചെയ്തു. 1883ൽ ക്ഷേത്രനിർമ്മാണം പൂർത്തിയാവുകയും ചെയ്തു.
വിശ്വസിക്കാൻ സാധിക്കില്ലെങ്കിലും ഈയൊരു സത്യം വിശ്വസിച്ചേ മതിയാവൂ. അഗർ മൽവയിലെ മുനിസിപ്പൽ ബോഡിയിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.
















Comments