‘എസ്എഫ്എഫിനെ വിന്യസിച്ചെങ്കിൽ, ഞാനൊരിക്കലും അദ്ഭുതപ്പെടില്ല. ഉയർന്ന പ്രതലങ്ങളിൽ പോരാടാൻ അവർക്കു പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട് ‘ കേന്ദ്രസർക്കാരിന്റെ ഉപദേഷ്ടാവായിരുന്ന അമിതാഭ് മാത്തൂരിന്റെ വാക്കുകളാണിത് . ഇതിൽ അതിശയോക്തി ഒട്ടുമില്ല . ഇക്കഴിഞ്ഞ 28 ന് ഇരുളിന്റെ മറവിൽ കിഴക്കൻ ലഡാക്കിലെ പാംഗോങ്ങിലേക്കു കടന്നു കയറാൻ ശ്രമിച്ച ചൈനീസ് സൈനികർ വിറച്ചത് ഇവരെ കണ്ടപ്പോഴാണ് , സാക്ഷാൽ സ്പെഷൽ ഫ്രോണ്ടിയർ ഫോഴ്സിനെ കണ്ടപ്പോൾ .ഇന്ത്യയുടെ ഏറ്റവും ‘നിഗൂഢമായ’ സേനാവിഭാഗമെന്ന വിശേഷണമുള്ള പോരാളികൾ.
തുടർച്ചയായ രണ്ട് ദിവസവും വന്ന പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികരെ കാത്തിരുന്നത് ഉഗ്രൻ തിരിച്ചടിയായിരുന്നു . ഇന്ത്യൻ സൈന്യം കടന്നുകയറ്റക്കാരെ തുരത്തിയെന്നു മാത്രമല്ല, യഥാർഥ നിയന്ത്രണ രേഖയിലെ തന്ത്രപ്രധാനമായ ചില മേഖലകൾ തിരിച്ചു പിടിക്കുകയും ചെയ്തു. ഈ ദൗത്യത്തിൽ ഇന്ത്യൻ സൈന്യത്തിനൊപ്പം പങ്കെടുത്തത് വികാസ് ബറ്റാലിയൻ എന്നും വിളിക്കപ്പെടുന്ന സ്പെഷൽ ഫ്രോണ്ടിയർ ഫോഴ്സ് (എസ്എഫ്എഫ്) ആണ്.ദൗത്യമെന്തായാലും അതു പൂർത്തിയാക്കാനുള്ള ശേഷിയും പരിശീലനമികവുമാണ് ഈ സേനയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ യുഎസിന്റെ നേവി സീൽസുമായി ഇവരെ താരതമ്യം ചെയ്യാറുണ്ട്.
പഞ്ചാബിലെ സുവർണക്ഷേത്രത്തിലെ സൈനിക നടപടിയായ ഓപ്പറേഷൻ ബ്ലൂസ്റ്റാറിലും എസ്എഫ്എഫിന്റെ പങ്ക് പ്രാധാന്യമേറിയതായിരുന്നു. രാജ്യത്തിനകത്തും പുറത്തും ഒട്ടനവധി പ്രശ്നങ്ങളിൽ എസ്എഫ്എഫിനെ രംഗത്തിറക്കിയിട്ടുണ്ട്. എന്നാൽ വിവരങ്ങളെല്ലാം രഹസ്യമായതിനാൽ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല
1971ലെ യുദ്ധത്തിൽ കിഴക്കൻ പാകിസ്താന്റെ ഭാഗമായിരുന്ന ചിറ്റഗോങ് കുന്നുകൾ കേന്ദ്രമാക്കി എസ്എഫ്എഫ് മെനഞ്ഞ യുദ്ധതന്ത്രങ്ങളാണ് പാക്ക് സൈന്യത്തെ ബലഹീനരാക്കി ഇന്ത്യൻ സൈന്യത്തിന് മുന്നോട്ടുകുതിക്കാൻ പ്രാപ്തി നൽകിയത്. വ്യോമമാർഗം ശത്രുവിന്റെ സൈന്യനിരയുടെ പിന്നിലെത്തിയ സേനാംഗങ്ങൾ പാക്ക് സൈന്യത്തിന്റെ ആശയവിനിമയ സംവിധാനങ്ങൾ തകർത്തു. ബർമയിലേക്കു രക്ഷപ്പെടാൻ പദ്ധതിയിട്ട പാക്ക് സൈന്യത്തിന്റെ തന്ത്രത്തെ എസ്എഫ്എഫിന്റെ ചടുലനീക്കം ഇല്ലാതാക്കി.
1959 ൽ ദലൈ ലാമയ്‌ക്കൊപ്പം ഇന്ത്യയിലെത്തിയ ടിബറ്റൻ അഭയാർഥികളിൽപെട്ട ഖാംപ സമുദായക്കാരെ ഉൾപ്പെടുത്തിയായിരുന്നു എസ്എസ്എഫ് രൂപീകരിച്ചത്. മേജർ ജനറലിന്റെ റാങ്കിൽ വരുന്ന സൈനിക ഉദ്യോഗസ്ഥനാണ് ഇന്‍സ്പെക്ടർ ജനറൽ പദവിയിൽ സേനയുടെ മേധാവിയാകുന്നത്. മുൻ സൈനിക മേധാവി ജനറൽ ദൽബീൽ സിങ് സർവീസ് കാലയളവിൽ ഒരിക്കൽ എസ്എഫ്എഫിന്റെ ഐജിയായിരുന്നിട്ടുണ്ട്.
സൈന്യത്തിന്റെ ഭാഗമല്ല എസ്എഫ്എഫ്. കാബിനറ്റ് സെക്രട്ടേറിയറ്റിനു കീഴിൽ വരുന്ന എസ്എഫ്എഫ് നേരിട്ട് പ്രധാനമന്ത്രിയോടാണ് റിപ്പോർട്ട് ചെയ്യുന്നത്. സൈന്യത്തിന്റെ ഓപ്പറേഷനൽ കൺട്രോളിനു കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്. അത്രയും നിഗൂഢമായ പ്രവർത്തന ശൈലികളായതിനാൽ ഒരു വിവരവും പുറത്തുവരാതിരിക്കാൻ ഭരണകൂടം ശ്രദ്ധിക്കുന്നുണ്ട്.
















Comments