ഒക്ടോബർ നവംബർ മാസങ്ങളിൽ അതിഥികളായി എത്തുന്ന ദേശാടന ചിത്രശലഭങ്ങൾ ഇക്കുറി പതിവ് തെറ്റിച്ച് നേരത്തെ കേരളത്തിൽ എത്തിയിരിക്കുകയാണ്. തെക്കേ ഇന്ത്യയിലെ കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളാകാം ശലഭങ്ങൾ ദേശാടനം നേരത്തെയാക്കിയതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. നീലക്കടുവ, അരളി ശലഭം തുടങ്ങിയ ശലഭങ്ങളാണ് കേരളത്തിൽ കൂടുതലായി കാണുന്ന ദേശാടന ശലഭങ്ങൾ. തെക്കേ ഇന്ത്യയുടെ സമതല പ്രദേശങ്ങളിൽ നിന്നും പൂർവ്വഘട്ട മലനിരകളിൽ നിന്നും പശ്ചിമഘട്ടത്തിലെ വനങ്ങളിലേക്ക് കൂട്ടമായാണ് ഇവർ പറന്നെത്തുന്നത്. കനത്ത മഴയിൽ നിന്നും രക്ഷത്തേടിയാണ് ഇവർ പശ്ചിമഘട്ടത്തിലെ കാടുകളിൽ എത്തുന്നത്.
അനേകലക്ഷം ചിത്രശലഭങ്ങൾ ഓരോ വർഷവും ദേശാടനം ചെയ്യാറുണ്ട്. വർഷത്തിൽ മുന്നൂറു മുതൽ അഞ്ഞൂറ് കിലോമീറ്റർ ദൂരത്തിലാണ് ഇവർ പറന്നെത്തുന്നത്. സാധാരണയായി ഒക്ടോബര്. നവംബർ മാസങ്ങളിൽ കാണുന്ന ഇവരെ ഇത്തവണ ജൂലൈയിലെ കണ്ടുതുടങ്ങി. വയനാട്ടിലാണ് ചിത്രശലഭങ്ങളുടെ ദേശാടനം കൂടുതലായി കാണുന്നത്. ഇവ പശ്ചിമഘട്ടത്തിലെത്തിയാൽ ഒരു ആറു മാസക്കാലം പശ്ചിമഘട്ടത്തിലെ കാടുകളിൽ തന്നെയാണ് ചിലവഴിക്കുക. അതിനുശേഷം സമതല പ്രദേശങ്ങളിലേക്കും, പൂർവ്വഘട്ടങ്ങളുടെ പ്രദേശങ്ങളിലേക്കും തിരിച്ചു പോവുകയാണ് ചെയ്യുക. പിന്നീട് തൊട്ടടുത്ത വർഷം ഇവരുടെ അടുത്ത തലമുറയാണ് ദേശാടനത്തിനായി എത്തുക.
കേരളത്തിൽ 46 ൽ പരം ചിത്രശലഭങ്ങൾ ദേശാടനം ചെയ്യുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫേൻസ് നേച്ചർ കൺസർവേഷൻ സൊസൈറ്റി ശലഭ ദേശാടനത്തെക്കുറിച്ച് പഠനം നടത്തുന്നുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ദേശാടനത്തിനെത്തിയ ശലഭങ്ങളുടെ എണ്ണം കുറവാണെന്നാണ് അവരുടെ വിലയിരുത്തൽ. എന്നാൽ ഇവ എവിടെ നിന്നും വരുന്നു, എവിടേക്ക് പോകുന്നു എന്ന കാര്യങ്ങളിൽ വ്യക്തതയില്ല. ഇവ ഏതെല്ലാം സ്ഥലങ്ങളിൽ ദേശാടനം നടത്തുന്നുവെന്നും, എന്തെല്ലാമാണ് ദേശാടനത്തിന്റെ കാരണങ്ങൾ തുടങ്ങിയവയെ കുറിച്ച് നിലവിൽ പഠനങ്ങൾ ഒന്നും നടന്നിട്ടില്ല.
Comments