ജന്മം കൊണ്ട് കശ്മീരി , സൈനികന്റെ മകൻ എന്നിട്ടും ജീവൻ രക്ഷിക്കാൻ യുപിയിൽ അഭയം പ്രാപിക്കേണ്ടി വന്നു ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയ്‌ക്ക്. ഓർക്കുമ്പോൾ പോലും രക്തം ഉറയുന്ന ഭയമായിരുന്നു അന്ന് കുടുംബത്തിനെന്നും റെയ്ന ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
1990കളിൽ കശ്മീരി പണ്ഡിറ്റുകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതോടെ ജീവനുംകൊണ്ട് നാടുവിട്ട കുടുംബത്തിലെ അംഗമാണ് അദ്ദേഹം. വെടിക്കോപ്പുകൾ നിർമിക്കുന്ന ഫാക്ടറിയിലായിരുന്നു റെയ്നയുടെ പിതാവും സൈനികനുമായിരുന്ന ത്രിലോക്ചന്ദ് റെയ്നയ്‌ക്കു ജോലി.
മൂത്ത സഹോദരനും സൈന്യത്തിലായിരുന്നു. ഫാക്ടറിയിൽ വെടിക്കോപ്പുകളുണ്ടാക്കുന്നതായിരുന്നു പിതാവിന്റെ ജോലി. അതിൽ അദ്ദേഹം വിദഗ്ധനായിരുന്നു’– അഭിമുഖത്തിൽ റെയ്ന പറഞ്ഞു. 1990കളിൽ കശ്മീരി പണ്ഡിറ്റുകൾക്കെതിരായ ആക്രമണങ്ങൾ കടുത്തതോടെയാണ് ത്രിലോക്ചന്ദ് റെയ്ന കുടുംബത്തോടൊപ്പം കശ്മീരിലെ റെയ്നാവാരി വിട്ടത്.
ചില കാര്യങ്ങൾ ഓർക്കാൻ പോലും അച്ഛന് ഇഷ്ടമല്ല. കശ്മീരി ബ്രാഹ്മണർക്ക് സംഭവിച്ച കാര്യങ്ങൾ അദ്ദേഹം ഓർക്കാറില്ല. കുടുംബത്തിന് സുരക്ഷ വേണമെന്നു തോന്നിയതിനാലാണ് അദ്ദേഹം കശ്മീർ വിട്ടത്. പിതാവിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു ഇത്. പലപ്പോഴും കശ്മീരിലേക്കു പോകേണ്ടിവന്നപ്പോൾ ഞാൻ കുടുംബത്തോടു പറഞ്ഞിരുന്നില്ല – റെയ്ന വ്യക്തമാക്കി
നിയന്ത്രണ രേഖയിലേക്കു രണ്ടുമൂന്നു തവണ പോയിട്ടുണ്ട്. സൈന്യത്തിന്റെ കമാൻഡോകൾ സുഹൃത്തുക്കളായിട്ടുണ്ട്. മഹി ഭായ്‌ക്കൊപ്പം (ധോണി) കശ്മീരിൽ പോയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പിതാവിനെ അറിയിച്ചിരുന്നില്ല. കശ്മീരിൽ സംഭവിച്ചത് പിതാവിന്റെ മനസ്സിലെത്തുമോയെന്നു ഞാൻ ഭയപ്പെട്ടിരുന്നു. എനിക്കും കശ്മീരിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് അദ്ദേഹം ഭയന്നു– റെയ്ന അഭിമുഖത്തിൽ പറഞ്ഞു.
കുടുംബത്തിന്റെ സുരക്ഷയെക്കരുതിയായിരുന്നു യുപിയിലെത്തിയത്. മുറാദ്നഗറിലെത്തിയിട്ടും കുടുംബത്തിനു ജീവിതം എളുപ്പമായിരുന്നില്ല. ലക്നൗവിലെ ഗുരു ഗോബിന്ദ് സിങ് സ്പോർട്സ് കോളജിലെത്തിയതോടെ റെയ്നയുടെ തലവര മാറി.രാജ്യാന്തര ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്കെത്താൻ താൻ കടന്നത് ഏറെ ദുർഘടമായ പാതയായിരുന്നുവെന്നും റെയ്ന പറഞ്ഞു.
















Comments