ശാന്തമായ പ്രകൃതം, നിഷ്‌കളങ്കമായ നോട്ടം വേണു നാഗവള്ളി എന്ന നായകനെ മലയാളി മനസ്സിലേക്ക് അടുപ്പിക്കാന്‍ ഇതു മാത്രം മതിയായിരുന്നു. ഒരു കാലഘട്ടത്തിന്റെ കാമുക സങ്കല്‍പ്പമായിരുന്നു വേണു നാഗവള്ളിയുടെ കഥാപാത്രങ്ങള്‍. നായികാനായകന്മാരുടെ പ്രണയസാഫല്യം മാത്രമല്ല പ്രണയത്തിനൊടുവിലെ വിരഹവും നിരാശയും എല്ലാം തന്റേതായ ശൈലിയില്‍ അവതരിപ്പിക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു ഈ നടന്. കലാകാരനായിരുന്ന ആര്‍ എസ് കുറുപ്പിന്റെ മകനായ വേണു നാഗവള്ളി പലമേഖലകളിലും പ്രവര്‍ത്തിച്ച ശേഷമാണ് സിനിമാ രംഗത്തേക്കെത്തിയത്.
1978 ല്‍ പുറത്തിറങ്ങിയ ഉള്‍ക്കടലായിരുന്നു ആദ്യ ചിത്രം. ഈ ചിത്രത്തിലെ രാഹുലനു പുറമെ ശാലിനി എന്റെ കൂട്ടുകാരിയിലെ കഥാപാത്രവും ജനമനസ്സുകളില്‍ ഏറെ സ്ഥാനം പിടിച്ചു. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ വേണു നാഗവള്ളി, സുഖമോദേവി എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് കാലെടുത്തു വെച്ചത്. പിന്നീടങ്ങോട്ട് ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാള സിനിമയ്‌ക്ക് നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു. തിരുവനന്തപുരം ഭാരതീയ വിദ്യാഭവനില്‍ നിന്നു ജേർണലിസം പഠിച്ചിറങ്ങിയ ഉടനെ ആകാശവാണിയില്‍ ജേലി ലഭിച്ചു.
ഓള്‍ ഇന്ത്യ റേഡിയോയില്‍ അനൗണ്‍സറായി ജോലി ചെയ്യുമ്പോഴായിരുന്നു വേണു നാഗവള്ളിയുടെ സിനിമയിലേയേക്കുളള കടന്നു വരവ്. ഡിഗ്രി പഠനത്തിനു ശേഷം 1975 ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരക്കഥാ രചന പഠിക്കാന്‍ ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. ചില്ല്, മിന്നാരം, യവനിക, അണിയാത്ത വളകള്‍, ദേവദാസ്, കാഴ്ച, രൗദ്രം, ഓമന തിങ്കള്‍, പ്രശ്‌നം ഗുരുതരം തുടങ്ങിവയാണ് വേണു നാഗവള്ളിയുടെ മറ്റു ചിത്രങ്ങള്‍. 2009 ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവതയായിരുന്നു അവസാന ചിത്രം. 2010 സെപ്തംബര്‍ 9 ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
Comments