ഹൈദരാബാദ് : തിരുപ്പതിയടക്കമുള്ള ആന്ധ്രയിലെ പ്രധാന ക്ഷേത്രങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. കിഴക്കന്‍ ഗോദാവരിയിലെ ശ്രീ ലക്ഷ്മീ നരസിംഹ ക്ഷേത്രത്തിലെ രഥം തീവെച്ചു നശിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. അന്തര്‍വേദിയിലെ ക്ഷേത്ര രഥം അക്രമികള്‍ നശിപ്പിച്ചതിന്റെ പേരിലുള്ള പ്രതിഷേധം വര്‍ധിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചത്.സംസ്ഥാനത്തെ 656 ക്ഷേത്രങ്ങളുടെ സുരക്ഷയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.തിരുപ്പതിയിലെ വെങ്കടേശ്വര ക്ഷേത്രത്തിലെ ബ്രഹ്മോത്സവം ഈ മാസം 19-ാം തിയതി നടക്കാനിരിക്കുന്നതിനാലും സുരക്ഷ കാര്യത്തില്‍ പതിന്മടങ്ങ് സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അന്തര്‍വേദി ശ്രീലക്ഷീ നരസിംഹ ക്ഷേത്രത്തിലെ രഥത്തിന് വെളുപ്പിന് ഒരുമണിയോടെയാണ് അഞ്ജാതര്‍ തീവെച്ചത്. രഥം മരത്തില്‍ പണിത ഏഴുനിലകളുള്ള രഥം പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. ക്ഷേത്രത്തില്‍ നിന്നും ഇരുന്നൂറു മീറ്റര്‍ ദൂരത്തില്‍ പ്രത്യേക പന്തലിലാണ് രഥം സൂക്ഷിച്ചിരുന്നത്. 40 അടി ഉയരമുള്ള രഥം ഒരു തരത്തിലും വൈദ്യുതി തകരാറുകള്‍ മൂലം കത്തിപിടിക്കില്ലെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്.
സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ചിലര്‍ ശ്രമങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് എസ്.പി.രമേശ് റെഡ്ഡി പറഞ്ഞു. ഇതിനിടെ ക്ഷേത്ര രഥം തീവെച്ചതുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നടത്തണമെന്ന ആവശ്യം മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ഉന്നയിച്ചിരിക്കുകയാണ്,
















Comments