ന്യൂഡല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ കാല സമ്മേളനം ഇന്നാരംഭിക്കും. ആകെ 47 വിഷയങ്ങള്‍ 18 തവണയായാണ് ചര്‍ച്ചയ്‌ക്കായി എടുക്കുന്നത്. സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഒക്ടോബര്‍ ഒന്നിന് അവസാനിക്കും. 17-ാം ലോകസഭയുടെ നാലാമത്തെ സെഷനും രാജ്യസഭയുടെ 252-ാം സെഷനുമാണ് ഇന്ന് ആരംഭിക്കുന്നതെന്ന് പാര്‍ലമെന്ററി കാര്യവകുപ്പറിയിച്ചു.
ആകെ 18 ദിവസമാണ് സഭ ചേരുന്നത്. ഒരു ദിവസം ഒരു വിഷയം എന്ന നിലയിലാണ് 18 പ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുക. ഈ മാസത്തെ എല്ലാ ശനി,ഞായര്‍ ദിവസങ്ങളിലും സഭ ചേരും. 45 ബില്ലുകളും രണ്ട് സാമ്പത്തിക വിഷയങ്ങളുമാണ് ലോകസഭാംഗങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുക.
കൊറോണ ലോക്ഡൗണിന് ശേഷം നടക്കുന്ന പ്രതിനിധികള്‍ നേരിട്ട് ഹാജരാകുന്ന ആദ്യ പാര്‍ലമെന്റ് സെഷനാണിത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പാര്‍ലമെന്ററി കാര്യ വകുപ്പറിയിച്ചു. എല്ലാ അംഗങ്ങള്‍ക്കും സുരക്ഷാ കിറ്റുകള്‍ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള എത്തിച്ചു കഴിഞ്ഞു. എല്ലാ ലോകസഭാംഗങ്ങള്‍ക്കും സ്പീക്കര്‍ ആശംസകളും നിര്‍ദ്ദേശങ്ങളും കത്തുമുഖേനയും നല്‍കി.
















Comments