ഇന്ത്യന്‍ ഓഹരി വിപണി, ഓഹരി കമ്പോളം, സ്‌റ്റോക് എക്‌സ്‌ചേഞ്ച്, സെന്‍സെക്‌സ്, നിഫ്റ്റി, സെബി തുടങ്ങിയ പദങ്ങളൊക്കെ നാം കേട്ടിട്ടുണ്ടാകാം. പക്ഷേ ഇന്ത്യന്‍ ഓഹരി കമ്പോളത്തിലെ കാളയെയും കരടിയെയും കുറിച്ച് അധികമാരും കേട്ടുകാണില്ല. അതോടൊപ്പം ഓഹരി വിപണിയുമായി ബന്ധപ്പെട്ട പല പദങ്ങളും സാധാരണ മലയാളികള്‍ക്ക് സുപരിചിതമല്ല. എന്തിനേറെ പറയുന്നു, ഉയര്‍ന്ന ഉദ്യോഗസ്ഥരായി പല ഉന്നത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പോലും ഓഹരി വിപണിയെ കുറിച്ചോ അതുമായി ബന്ധപ്പെട്ടുള്ള പദങ്ങളെ കുറിച്ചോ ഒന്നും അറിവുണ്ടാകാറില്ല. ചിലര്‍ ഇതിനെ പണക്കാരുടെ മാത്രമായിട്ടുള്ള പദങ്ങളായാണ് കാണുന്നത്. അതുകൊണ്ട് തന്നെ പലരും ഇതേകുറിച്ച് അറിവ് നേടാനോ മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല. എന്നാല്‍, നമ്മുക്ക് ഓഹരി വിപണിയെ കുറിച്ചും അതിലെ കാളയെയും കരടിയെ കുറിച്ചും മറ്റും പരിചയപ്പെടാം.
ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഒരു സംഘടിത വിപണിയാണ് ഓഹരി വിപണി. 1531ലാണ് ലോകത്തിലെ ആദ്യ ഓഹരി വിപണി ബെല്‍ജിയത്തിലെ ആന്റ് വെര്‍പ്പില്‍ സ്ഥാപിതമായത്. എന്നാല്‍ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് അല്ലെങ്കില്‍ ബിഗ് ബോര്‍ഡ് ആണ് ലോകത്തിലെ ഏറ്റവും വലിയ ഓഹരി വിപണി. അമേരിക്കയിലെ ഈ ഓഹരി വിപണി സ്ഥിതി ചെയ്യുന്നത് ന്യൂയോര്‍ക്കിലെ വാള്‍ സ്ട്രീറ്റിലാണ്. നാസ്ഡാക് എന്നാണ് അമേരിക്കയിലെ മൊത്തത്തിലുള്ള ഓഹരി വിപണി അറിയപ്പെടുന്നത്.
ഇന്ത്യയിലേയ്‌ക്ക് വരുമ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ നിക്ഷേപകന്‍ എന്നറിയപ്പെടുന്നത് യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ്. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇന്ത്യയിലെ ആദ്യ മ്യൂച്വല്‍ ഫണ്ട് എന്നറിയപ്പെടുന്നതും. ഇന്ത്യയില്‍ ആകെ 24 സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളാണുള്ളത്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ബിസിനസ് നടത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിംഗ്. വ്യാപാര അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്. 1992ല്‍ മുംബൈയിലാണ് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സ്ഥാപിതമായത്. ഇന്ത്യയില്‍ ആദ്യമായി ഓണ്‍ലൈന്‍ വ്യാപാരം ആരംഭിച്ചതും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ്. ഇതിനെ നിഫ്റ്റി എന്നാണ് അറിയപ്പെടുന്നത്. പ്രമുഖരായ 50 കമ്പനികളുടെ ഓഹരികളുടെ സൂചികയാണ് നിഫ്റ്റി. ഇന്ത്യയിലെ രണ്ട് ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളാണ് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും ഓവര്‍ ദ കൗണ്ടര്‍ എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയും.
അതേസമയം ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്. 1872ല്‍ നാറ്റീവ് ഷെയര്‍ ആന്റ് സ്‌റ്റോക്ക് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ ആരംഭിച്ച ഇത് 1875ല്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായി മാറി. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നത് മുംബൈയിലെ ദലാല്‍ സ്ട്രീറ്റിലും അതിന്റെ ആസ്ഥാന മന്ദിരം പ്രവര്‍ത്തിക്കുന്നത് ഫിറോസ് ജിജാഭായ് ടവറിലുമാണ്. സെന്‍സെക്‌സ് എന്ന പേരിലാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഓഹരി സൂചിക അറിയപ്പെടുന്നത്. പ്രമുഖരായ 30 കമ്പനികളുടെ ഓഹരി സൂചിക അടിസ്ഥാനമാക്കിയാണ് സെന്‍സെക്‌സ് സൂചിക തീരുമാനിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ലോകത്തെ 10ാമത്തെ വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്.
ഓഹരി വിപണിയില്‍ സ്ഥിരമായി കേള്‍ക്കുന്ന ഒരു പദമാണ് ഓഹരി ചന്ത. ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥലമാണ് ഓഹരി ചന്ത അല്ലെങ്കില്‍ ഷെയര്‍ മാര്‍ക്കറ്റുകള്‍. ഓഹരി കമ്പോളത്തില്‍ ഓഹരി കച്ചവടക്കാരുമുണ്ട്, ഊഹക്കച്ചവടക്കാരുമുണ്ട്. ഓഹരി കമ്പോളത്തില്‍ ഓഹരികള്‍ക്ക് വില കൂടുമെന്ന് പ്രതീക്ഷിച്ച് കൊണ്ട് ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന ഓഹരിക്കച്ചവടക്കാരാണ് ബുള്‍ (കാള) എന്ന് അറിയപ്പെടുന്നത്. അതുപോലെ ഓഹരി കമ്പോളത്തില്‍ ഓഹരികള്‍ക്ക് വില കുറയുമെന്ന് ഭയന്ന് ഓഹരികള്‍ വില്‍പ്പന നടത്തുന്ന ഊഹക്കച്ചവടക്കാരാണ് ബെയര്‍ അഥവാ കരടി. ബ്ലൂ ചിപ് ഓഹരികള്‍ എന്നാണ് വില കൂടിയ ഓഹരികള്‍ അറിയപ്പെടുന്നത്. ഗവണ്‍മെന്റിന്റെ ഓഹരികളെ ഗില്‍റ്റ് എഡ്ജ്ഡ് സെക്യൂരിറ്റികളെന്നും അറിയപ്പെടുന്നു.
ഓഹരി വിപണിയുമായി ബന്ധപ്പെട്ട മറ്റു രണ്ട് കാര്യങ്ങളാണ് സെബിയും ഫെറയും. ഇന്ത്യയിലെ സ്റ്റോക്ക് മാര്‍ക്കറ്റുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടി സ്ഥാപിതമായ സ്ഥാപിതമായ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). 1998ല്‍ സ്ഥാപിതമായെങ്കിലും നിയമപരമായ അംഗീകാരം ലഭിച്ചുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നത് 1992 ഏപ്രില്‍ 12നാണ്. വിദേശനാണ്യം നേടുന്നതിന്റെ കണക്കുകള്‍ സൂക്ഷിക്കുന്നതിനും അതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുമായി 1973ല്‍ നിലവില്‍ വന്ന നിയമമാണ് ഫെറ അഥവാ ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ ആക്ട്. എന്നാല്‍ 2000 ജൂണ്‍ ഒന്നിന് ഫെറയ്‌ക്ക് ബദലായി ഫെമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) നിലവില്‍ വന്നു.
Comments