കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ഉള്ള അമ്പലപ്പുഴയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം . ചരിത്രവും ഐതിഹ്യവും ഒരു പോലെ ഇടകലർന്നു കിടക്കുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം .
വലതു കയ്യിൽ ചമ്മട്ടിയും ഇടതു കയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പരബ്രഹ്മ സ്വരൂപമായ ശ്രീകൃഷ്ണ ഭഗവാന്റെ പാർത്ഥസാരഥി സങ്കല്പത്തിൽ ഉള്ള പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിൽ ഉള്ളത് . ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ , ഗണപതി , അയ്യപ്പൻ , ഭദ്രകാളി എന്നിവരും സ്ഥിതി ചെയ്യുന്നു . തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ മീന മാസത്തിൽ ആണ് ഉത്സവം . പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസവും , അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധപെട്ടു കിടക്കുന്നവയാണ് .
പഴയ നാട്ടുരാജ്യം ആയിരുന്ന ചെമ്പകശ്ശേരിയിലെ ഭരണാധികാരി ആയിരുന്ന പൂരാടം തിരുനാൾ ദേവനാരായണൻ കൊല്ല വർഷം എഴുനൂറ്റി ഇരുപതാം ആണ്ടിൽ പണികഴിപ്പിച്ചതാണീ ക്ഷേത്രം . ക്ഷേത്രത്തെ കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ് . ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം വില്വമംഗലം സ്വാമിയാരും ഒത്തു വള്ളത്തിൽ യാത്ര ചെയ്യുകയായിരുന്നു . ആ സമയം മനോഹരമായ പുല്ലാംകുഴൽ നാദം കേട്ട് രാജാവ് ചുറ്റുപാടും നോക്കി എങ്കിലും ആരെയും കണ്ടില്ല . ഉടൻ തന്നെ സ്വാമിയാർ ആ പുല്ലാംകുഴൽ നാദം ഭഗവാൻ ശ്രീകൃഷ്ണന്റെ തന്നെയാണെന്നും അതിനാൽ ഉടൻ തന്നെ അവിടെ ഒരു ക്ഷേത്രം പണികഴിപ്പിക്കണം എന്നും പറഞ്ഞു . സ്വാമിയാർ തന്നെയാണ് ക്ഷേത്രം പണിയാനുള്ള സ്ഥാനം നിർണ്ണയിച്ചതും .
പ്രതിഷ്ഠ സമയത്ത് അഷ്ടബന്ധം ഉറയ്‌ക്കാതെ തന്ത്രിമാർ വിഷമിച്ചു കൊണ്ടിരുന്ന സമയത്തു , ആ വഴി വന്ന നാറാണത്ത് ഭ്രാന്തൻ തന്റെ വായിലെ മുറുക്കാൻ തുപ്പി വിഗ്രഹം ഉറപ്പിച്ചു എന്നൊരൈതിഹ്യവും ഈ ക്ഷേത്രവുമായി ബന്ധപെട്ടു കിടക്കുന്നു . ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവുമായും അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് ബന്ധമുണ്ട് . ഒരിക്കൽ ടിപ്പു സുൽത്താൻ ക്ഷേത്രം അക്രമിക്കുമോ എന്ന ഭയത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ വിഗ്രഹം അമ്പലപ്പുഴയിൽ കൊണ്ട് വരികയും , ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരമായിരുന്ന അമ്പലപ്പുഴ തെക്കേമഠത്തിൽ ഒരു തിടപ്പള്ളിയും , കിണറും , ശ്രീകോവിലും പണികഴിപ്പിച്ചു ഭഗവാനെ അവിടെ കുടി ഇരുത്തുകയും ചെയ്തു . ഇന്നും അമ്പലപ്പുഴ ക്ഷേത്രത്തിൽ ഇവയെല്ലാം അതെ പോലെ തന്നെ സംരക്ഷിച്ചു പോരുന്നു .
അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് അമ്പലപ്പുഴ പാൽപ്പായസം . ഭഗവാന്റെ ഇഷ്ടവിഭവമായ പാൽപ്പായസം തന്നെയാണ് നേദ്യവും . രുചിക്ക് പ്രസിദ്ധിയാർജ്ജിച്ച അമ്പലപ്പുഴ പാൽപ്പായസം വഴിപാടായി നടത്താൻ തുടങ്ങിയതും ചെമ്പകശ്ശേരി രാജാവ് തന്നെയാണ് . അരിയും , പാലും , പഞ്ചസാരയും മാത്രമാണ് പായസത്തിന്റെ കൂട്ട് . പാലും വെള്ളവും അരിയും തിളച്ചു കഴിയുമ്പോൾ , പാചകക്കാരൻ ഗോവിന്ദായെന്ന് വിളിക്കുമ്പോൾ ദേവസ്വം ഓഫീസിൽ നിന്ന് പായസത്തിൽ ചേർക്കാനുള്ള പഞ്ചസാര കൊണ്ട് വരണം എന്നുള്ളതാണ് ആചാരം . കഷായത്തിലെന്ന പോലെ ധാരാളം വെള്ളം ചേർത്തുണ്ടാക്കുന്ന പായസം ആയതു കൊണ്ടാവാം ഇതിനു ഗോപാല കഷായം എന്ന നാമവും ഉണ്ട് .
















Comments