ചെന്നൈ : പളനി ക്ഷേത്രത്തിൽ സർക്കാർ നിയമിച്ച എക്സിക്യൂട്ടീവ് ഓഫീസർ പദവി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി . എക്സിക്യൂട്ടീവ് ഓഫീസർ പുറപ്പെടുവിച്ച ഹൗസ് കീപ്പിംഗ് കരാറിനുള്ള ടെണ്ടറും കോടതി റദ്ദാക്കി . സർക്കാർ നിയന്ത്രണങ്ങളിൽ നിന്ന് ക്ഷേത്രകാര്യങ്ങൾ മാറ്റാനുള്ള കോടതിയുടെ ആദ്യപടിയാണ് ഈ നിർദേശമെന്നാണ് നിയമവിദഗ്ധന്മാരുടെ വിലയിരുത്തൽ.
ജസ്റ്റിസ് ജി ആർ സ്വാമിനാഥനാണ് കേസ് പരിഗണിച്ചത്. 2020 ലെ റിട്ട് പെറ്റീഷൻ പരിഗണിക്കുന്നതിനിടെയാണ് ഈ ഉത്തരവ് . ക്ഷേത്രത്തിലെ മെയിന്റൻസ് , ശുചിത്വ ജോലികൾക്ക് ഇതര മതസ്ഥരെ തിരുകി കയറ്റാനുള്ള എക്സിക്യൂട്ടീവ് ഓഫീസറുടെ തീരുമാനത്തിനെതിരെ ക്ഷേത്ര വിശ്വാസികളുടെ സംഘടനാ നേതാവ് ടി ആർ രമേശാണ് കോടതിയെ സമീപിച്ചത്.
എക്സിക്യൂട്ടീവ് ഓഫീസറുടെ നിയമപരമായ അധികാരത്തെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ക്ലീനിംഗ്, മെയിന്റനൻസ് ജോലികൾ പുറത്തുനിന്നുള്ളവരെ ഏൽപ്പിക്കുന്നതിലൂടെ ക്ഷേത്ര മാനേജ്‌മെന്റ് ഭക്തരുടെ അവകാശങ്ങൾ ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു . തമിഴ്‌നാട് ഹിന്ദു മത-ചാരിറ്റബിൾ എൻഡോവ്‌മെൻറ് ആക്റ്റ്, 1959 (എച്ച്ആർ, സിഇ) ലെ വ്യവസ്ഥകൾ ലംഘിക്കുന്നതാണ് ടെൻഡർ വിജ്ഞാപനമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം ഒരാളുടെ മതം സ്വതന്ത്രമായി ആചരിക്കാനുള്ള മൗലികാവകാശമാണെന്ന് ഹർജി പരിഗണിച്ച ജഡ്ജി അഭിപ്രായപ്പെട്ടു. ഹിന്ദുക്കളുടെ കാര്യത്തിൽ, ഈശ്വര സേവനം നടത്താനുള്ള അവകാശം അതിൽ ഉൾപ്പെടും. ക്ഷേത്ര മാനേജുമെന്റിന് ഭക്തരെ നിയന്ത്രിക്കാനാകുമെങ്കിലും നിരസിക്കാൻ കഴിയില്ല. ഒരു ആരാധകനെന്ന നിലയിൽ, എച്ച്ആർ, സിഇ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി ക്ഷേത്രത്തിന്റെ കാര്യങ്ങൾ നടത്തണമെന്ന് അപേക്ഷിക്കാൻ ഭക്തർക്ക് അവകാശമുണ്ടെന്നും കോടതി പ്രസ്താവിച്ചു.
















Comments