ജമ്നാപ്യാരി , കരിങ്കുന്നം സിക്സെസ് , ഒരു മെക്സിക്കൻ അപാരത തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയ ആയ നടി ഗായത്രി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന “99 ക്രൈം ഡയറി ” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് അണിയറ പ്രവർത്തകർ പുറത്തിറക്കി . പോലീസ് വേഷത്തിൽ നിൽക്കുന്ന ഗായത്രിയുടെ ചിത്രമാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്
ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആകാൻ സാധ്യത ഉള്ള ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് നൂല്പാലം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സിന്റോ ആന്റണി ആണ് .ഗായത്രി സുരേഷും ശ്രീജിത്ത് രവിയും കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ചിത്രത്തിന്റെ നിർമ്മാണം ജിബു ജേക്കബ് എന്റർടൈൻമെൻറ്സും ദിവ്യ പ്രൊഡക്ഷന്സും ചേർന്നാണ് നിർവഹിക്കുന്നത് . ഗായത്രി ഒരു പോലീസ് ഓഫീസർ ആയിട്ടായിരിക്കും ചിത്രത്തിൽ എത്തുക എന്നത് പുറത്തിറക്കിയ പോസ്റ്ററിൽ നിന്ന് തന്നെ വ്യക്തമാണ് . ത്രില്ലർ സിനിമകൾ വൻ വിജയങ്ങൾ കൈവരിക്കുന്ന ഈ കാലഘട്ടത്തിൽ മറ്റൊരു വിജയം ആയിരിക്കുമോ “99 ക്രൈം ഡയറി ” എന്നത് കാത്തിരുന്ന് കാണേണ്ട ഒന്ന് തന്നെയാണ് .
മുജീബ് ജുജൂസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . ചിത്രത്തിന്റെ എഡിറ്റർ വികാസ് അൽഫോൻസും , സംഗീത സംവിധാനം അരുൺ കുമാരനും ആണ് നിർവഹിക്കുന്നത് . ചിത്രത്തിന്റെ കലാസംവിധാനം രാഹുലും ഉല്ലാസും , ചമയം റഹിം കൊടുങ്ങല്ലൂർ , ആക്ഷൻ രംഗങ്ങൾ ഉണ്ണി ഗുരുക്കൾ , വസ്ത്രാലങ്കാരം മൃദു മുരളി എന്നിവരാണ് നിർവഹിക്കുന്നത് .
2014 ൽ മിസ് കേരള ആയി തിരഞ്ഞെടുക്കപ്പെട്ട ഗായത്രി സുരേഷ് , 2015 ൽ നടന്ന മിസ് ക്വീൻ ഓഫ് ഇന്ത്യ എന്ന സൗന്ദര്യ മത്സരത്തിൽ റണ്ണർ അപ്പ് ആയിരുന്നു .2015 ൽ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരിയിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് ഗായത്രി ചുവടു വെച്ചത് . മലയാള സിനിമക്കൊപ്പം തന്നെ ഗായത്രി തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്യുന്നുണ്ട് .
Comments