ന്യൂഡൽഹി: നവരാത്രി , ദീപാവലി ആഘോഷത്തോടനുബന്ധിച്ച് കൂടുതൽ ട്രെയിനുകൾ സർവ്വീസ് നടത്തുമെന്ന് ഇന്ത്യൻ റെയിൽവെ. ഒക്ടോബർ 15 മുതൽ നവംബർ 30 വരെയുള്ള ഉത്സവ സീസണിൽ 200 ട്രെയിനുകൾ കൂടി അധികമായി സർവ്വീസ് നടത്തും. റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ വി.കെ യാദവ് ആണ് ഇക്കാര്യം അറിയിച്ചത്.
വിവിധ മേഖലാ മാനേജർമാരുമായി കൂടിയാലോചിച്ച ശേഷമാണ് കേന്ദ്ര റെയിൽവെ മന്ത്രാലയം ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടത്. ഉത്സവ സീസണിൽ ആവശ്യമായ ട്രെയിൻ സർവ്വീസുകളുടെ എണ്ണം അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. 200 ഓളം ട്രെയിനുകളുടെ ആവശ്യമാണ് മുന്നിൽ വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഉത്സവ സീസണിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ ഞങ്ങൾ തീരുമാനിച്ചതെന്നും വി.കെ യാദവ് വ്യക്തമാക്കി.
ലോക്ഡൗൺ പ്രഖ്യാപനത്തോടെയാണ് മാർച്ച് 25 മുതൽ രാജ്യത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം വന്നത്. പാസഞ്ചർ ,മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ എല്ലാം അനിശ്ചിതമായി കേന്ദ്രസർക്കാർ റദ്ദാക്കുകയായിരുന്നു.
ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും പൊതുഗതാഗത സംവിധാനം രാജ്യത്ത് കാര്യക്ഷമമല്ല. എല്ലാ റൂട്ടുകളിലും പ്രത്യേക ട്രെയിനുകൾ മാത്രമാണ് ഇപ്പോഴും സർവ്വീസ് നടത്തുന്നത്. ഇതുകൂടാതെ വിവിധ ഭാഷാ തൊഴിലാളികളെ അതാത് സംസ്ഥാനത്തെത്തിക്കാൻ റെയിൽവേ പ്രത്യേക ലേബർ ട്രെയിനുകളും ഓടിച്ചിരുന്നു. എന്നാൽ ഉത്സവ സീസണിൽ പൊതുഗതാഗതം കുറച്ചുകൂടെ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആവശ്യമുയർന്ന പശ്ചത്തലത്തിലാണ് അധിക ട്രെയിനുകൾ സർവ്വീസ് നടത്താൻ തീരുമാനിച്ചത്.
















Comments