ന്യൂഡല്‍ഹി: രാജ്യത്തെ നിരവധി കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാരും നീതിപീഠവും രണ്ടു തട്ടിലാണെന്ന വാദം തള്ളി കേന്ദ്രനിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി 401 ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തപ്പെടാനുണ്ടെന്ന് രവിശങ്കര്‍ പ്രസാദ് മുന്നേ അറിയിച്ചിരുന്നു. സെപ്തംബര്‍ ഒന്നാം തീയതിയാണ് കേന്ദ്രസര്‍ക്കാര്‍ ഒഴിവുകളെ സംബന്ധിച്ച് പരാമര്‍ശം നടത്തിയത്.
രാജ്യസഭയില്‍ ഫെബ്രുവരി 4-ാം തീയതി ഉന്നയിച്ച ചോദ്യത്തെ തുടര്‍ന്നാണ് ഒഴിവുകള്‍ നികത്തുന്നതില്‍ കാലതാമസം വരുത്തുന്നുവെന്ന ആരോപണം ഉയര്‍ന്നത്. ചീഫ്ജസ്റ്റിസുമാരും മറ്റ് ജഡ്ജിമാരും യഥാസമയം ഒഴിവുകള്‍ നികത്താന്‍ ശ്രമിക്കുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജഡ്ജിമാരുടെ നിയമനത്തില്‍ അനുഭാവപൂര്‍ണ്ണമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും നീതിപീഠത്തിന്റെ ശുപാര്‍ശകളെ യഥാസമയം പരിഗണിക്കുന്നതില്‍ മടികാണിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തീരുമാനം സംയുക്തമായാണ് എടുക്കേണ്ടതെന്നും അതിൽ മടികാണിക്കില്ലെന്നും മന്ത്രി അറിയിച്ചു.
25 ഹൈക്കോടതികളിലായി 1079 പോസ്റ്റുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇതില്‍ 401 എണ്ണത്തിലാണ് ഒഴിവുള്ളത്. ഇതില്‍ 48 പേരെ സെപ്തംബറിന് ശേഷം നിയമിച്ചതായും കേന്ദ്രനിയമകാര്യമന്ത്രി അറിയിച്ചു. ഇതുപ്രകാരം മൂന്നിലൊന്നും നികത്തപ്പെട്ടിട്ടില്ലെന്നും ഇത് മൂലം രാജ്യത്തെ ജനങ്ങളുടെ കേസ്സുകള്‍ യഥാസമയം പരിഹരിക്കാന്‍ വൈകുന്നുവെന്നത് ഒരു പരമാര്‍ത്ഥമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
















Comments