ഭാരതത്തിൽ ഒട്ടാകെ ഹൈന്ദവ സമൂഹം വിശേഷാൽ കൊണ്ടാടുന്ന ഉത്സവങ്ങളിൽ ഒന്നാണ് നവരാത്രി . സംസ്‌കൃതത്തിൽ ഒൻപത് രാത്രികൾ എന്നർത്ഥം വരുന്ന നവരാത്രി , ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് . ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്ന വിശേഷാൽ അവസരമാണ് നവരാത്രി മഹോത്സവം .
എല്ലാ ദേവി ക്ഷേത്രങ്ങളിലും നവരാത്രി ഉത്സവം ഗംഭീരമായി തന്നെ ആഘോഷിക്കുന്നു . നവരാത്രി ആഘോഷിക്കുന്ന ഒൻപത് ദിനങ്ങളിൽ ആദ്യത്തെ മൂന്ന് ദിനം ദേവിയെ പാർവതിയായും . അടുത്ത മൂന്ന് ദിനങ്ങളിൽ ലക്ഷ്മിയായും , അവസാനത്തെ മൂന്ന് ദിനങ്ങളിൽ സരസ്വതിയായും സങ്കല്പിച്ചാരാധിക്കുന്നു .
കേരളത്തിൽ കന്നിമാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിനം മുതൽ ഒൻപത് ദിനങ്ങളിൽ ആയിട്ടാണ് നവരാത്രി മഹോത്സവം കൊണ്ടാടുന്നത് . 2020 ൽ നവരാത്രി മഹോത്സവം ഒക്ടോബർ 17 മുതൽ 26 വരെയാണ് . ദേവീ പൂജക്ക് ഏറ്റവും ഉചിതമായ കാലമായിട്ടാണ് നവരാത്രി ദിനങ്ങളെ കാണുന്നത് . ദുർഗ്ഗാഷ്ടമി നാളിൽ ദേവിയെ ദുർഗ്ഗയായും , മഹാനവമി ദിനത്തിൽ മഹാലഷ്മിയായും , വിജയദശമി ദിനത്തിൽ സരസ്വതിയായും സങ്കല്പിച്ചാരാധിക്കുന്നു .
നവരാത്രി ദിനങ്ങളിൽ കേരളത്തിൽ സരസ്വതി പൂജയും വിദ്യാരംഭവും പ്രധാനമാണ് . വിജയദശമി ദിനത്തിലാണ് വിദ്യാരംഭം കുറിക്കുന്നത് . വിജയദശമിക്ക് മുന്നോടിയായി മൂന്ന് ദിനം പൂജ വെക്കുക എന്ന ചടങ്ങുണ്ട് . അഷ്ടമി ദിനത്തിൽ പൂജ വെച്ച് വിജയദശമി ദിനത്തിൽ ആരംഭം കുറിക്കുന്നു . മഹാനവമി ദിനത്തിൽ അധ്യയനം നിഷിദ്ധമാണ് . കലാകാരന്മാരും , വിദ്യാർത്ഥികളും മറ്റുദ്യോഗാർത്ഥികളും തങ്ങളുടെ പണി ആയുധങ്ങളും പുസ്തകങ്ങളും ദേവിക്ക് മുന്നിൽ പൂജ വെക്കുകയും , വിദ്യാരംഭത്തിന്റെ അന്ന് വിഘ്‌നേശ്വരനെ ഭജിച്ചു വീണ്ടും ആരംഭം കുറിക്കുകയും ചെയ്യുന്നു . .
കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നത് വിജയദശമി ദിനത്തിലാണ് . കലാകാരൻമാർ തങ്ങളുടെ അരങ്ങേറ്റം കുറിക്കുവാനും ദേവിയുടെ അനുഗ്രഹം പ്രാപതമാക്കുവാനും നവരാത്രി ദിനങ്ങൾ തിരഞ്ഞെടുക്കുന്നു . കർണാടകത്തിൽ കൊല്ലൂർ മൂകാംബികയിലും വിദ്യാരംഭം കേമമായിട്ടാണ് കൊണ്ടാടുന്നത് . അതിനാൽ തന്നെ കേരളത്തിൽ നിന്ന് മൂകാംബികയിൽ എത്തുന്ന ഭക്തജനങ്ങൾ ധാരാളമാണ് . കേരളത്തിലെ ദക്ഷിണമൂകാംബികയായ പനച്ചിക്കാട് ദേവീക്ഷേത്രവും ഈ ദിനങ്ങളിൽ വിവിധ ആഘോഷങ്ങൾ ആണ് സംഘടിപ്പിക്കാറുള്ളത് .
നവരാത്രി ദിനങ്ങളിൽ ആചരിക്കുന്ന ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങൾ ആയ ശൈലപുത്രി , ബ്രഹ്‌മചാരിണി , ചന്ദ്രഖണ്ഡ, കൂശ്മാണ്ട മാതാ ,സ്കന്ദമാതാ, കാർത്യായനി , കാലരാത്രി, മഹാഗൗരി ,സിദ്ധിദാത്രി എന്നിവർ നവദുർഗ്ഗമാരായി അറിയപ്പെടുന്നു .
Comments