തിരുവനന്തപുരം : മികച്ച നടനായി തിരഞ്ഞെടുത്തതിൽ സന്തോഷമെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. നല്ല കഥാപാത്രങ്ങൾ ലഭിച്ചതിലും അത് ജനങ്ങൾ കണ്ടതിലും ഇപ്പോൾ സർക്കാരിന്റെ അംഗീകാരം ലഭിച്ചതിലും ഏറെ സന്തോഷമെന്നും സുരാജ് പറഞ്ഞു.
“2019 ൽ ഒരുപാട് മികച്ച സിനിമകളും വേഷങ്ങളും എനിക്ക് കിട്ടി. ജനം അതു കണ്ടു എന്നതും സന്തോഷമാണ്. ഇപ്പോൾ അംഗീകാരവും കിട്ടി . ഒരുപാട് സന്തോഷം. ഉത്തരവാദിത്തം കൂട്ടുന്ന പുരസ്കാരം കൂടിയാണിത്. വീണ്ടും ഒരുപാട് നല്ല വേഷങ്ങൾ തേടിയെത്തുന്നുണ്ട്. ഇതൊക്കെ ജനങ്ങളിലെത്താൻ ജനജീവിതം സാധാരണ രീതിയിലാവണം. അതുവേഗം ഉണ്ടാകട്ടെ, ജനം തിയറ്ററിലെത്തട്ടെ. ഇപ്പോൾ ജനഗണമന എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അവാർഡ് പ്രഖ്യാപിച്ചതോടെ വൻചെലവ് ഇവിടെ വേണ്ടിവരും.”
അവാർഡ് ലഭിച്ച മറ്റ് താരങ്ങൾക്കും , സിനിമാ പ്രവർത്തനകർക്കും സുരാജ് അഭിനന്ദനം അറിയിച്ചു. 2019 ൽ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ , വികൃതി , ഫൈനൽസ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളാണ് സുരാജിന് ലഭിച്ചത്.
രണ്ട് ചിത്രങ്ങളിലെ തികച്ചും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങളെ ഹൃദയസ്പര്‍ശിയായി ആവിഷ്കരിച്ച അഭിനയമികവിനാണ് സുരാജിന് പുരസ്കാരമെന്ന് ജൂറി വ്യക്തമാക്കിയിരുന്നു .
Comments