ന്യൂഡൽഹി: ഹത്രാസ് കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പൊതുതാൽപര്യഹർജികൾ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. കോടതി മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണത്തെ ഉത്തർപ്രദേശ് സർക്കാർ അനുകൂലിച്ചിരുന്നു. പെൺക്കുട്ടിയുടെ കുടുംബത്തിന് ഒരുക്കിയ സുരക്ഷയുടെ വിവരങ്ങളും കോടതിക്ക് കൈമാറിയിട്ടുണ്ട്.
ഹത്രാസ് പെൺക്കുട്ടിയുടെ കുടുംബത്തിനും സാക്ഷികൾക്കും മതിയായ സുരക്ഷ ഒരുക്കിയെന്നും, അവരുടെ സുരക്ഷ ഉറപ്പ് നൽകുന്നുവെന്നും ഉത്തർപ്രദേശ് സർക്കാർ ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സായുധ അകമ്പടി, പൊലീസ് കാവൽ, വീടിന് ചുറ്റും സിസിടിവി ക്യാമറകൾ, വെളിച്ച സംവിധാനം എന്നിവ ഒരുക്കിയെന്ന് സർക്കാർ സുപ്രിംകോടതിയെ ബോധ്യപ്പെടുതുകയും ചെയ്തു. പൊതുപ്രവർത്തകരായ സത്യമാ ദുബെ, വിശാൽ താക്കറെ, രുദ്ര പ്രതാപ് യാദവ് തുടങ്ങിയവർ സമർപ്പിച്ച പൊതുതാൽപര്യഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.
Comments