ന്യൂഡൽഹി : ജന്മദിനത്തോട് അനുബന്ധിച്ച് എ പി ജെ അബ്ദുൾ കലാമിന് ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. 89 -ാം ജന്മവാർഷികത്തിൽ എപിജെ അബ്ദുൾ കലാമിന്റെ ചിത്രത്തിന് മുന്നിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. രാഷ്‌ട്രപതി ഭവൻ ട്വിറ്ററിലൂടെ ചിത്രം പങ്കുവെയ്‌ക്കുകയും ചെയ്തു.
ഇന്ത്യയുടെ മിസൈൽമാനായ അബ്ദുൾ കലാമിന് നിരവധി പേരാണ് ആദരവ് അർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിങ്ങനെ നിരവധി പ്രമുഖർ അദ്ദേഹത്തെ അനുസ്മരിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രചോദനമായ ജീവിതമാണ് അബ്ദുൾ കലാമിന്റേതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ രാഷ്‌ട്രപതിയെന്ന നിലയിലും രാജ്യത്തിന്റെ വികസനത്തിന് ഡോ.എ.പി.ജെ അബ്ദുൾ കലാം നൽകിയ സംഭാവനകൾ രാജ്യത്തിന് ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
1931 ഒക്ടോബർ 15 ന് തമിഴ്നാട്ടിലെ രാമേശ്വരത്താണ് എപിജെ അബ്ദുൽ കലാം ജനിച്ചത്. ഭാരതം കണ്ട ഏറ്റവും ജനകീയനായ രാഷ്‌ട്രപതിയായിരുന്നു അദ്ദേഹം. ശാസ്ത്രജ്ഞനെന്ന നിലയിലും രാഷ്‌ട്രപതി എന്ന നിലയിലും രാജ്യത്തിനായി നിരവധി സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്.
Comments