തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ ജോഡികളായി എത്തിയ സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു . കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്ന സിനിമ സംവിധാനം ചെയ്ത ജിയോ ബേബി ഈ ചിത്രം പൂർണ്ണമായും കോഴിക്കോട് വെച്ചാണ് ചിത്രീകരിക്കുന്നത് .
സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഭാര്യാഭർത്താക്കന്മാരായി എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിയോ ബേബി തന്നെയാണ് . സുരാജ് ഈ ചിത്രത്തിൽ ഒരു സ്കൂൾ അധ്യാപകന്റെ വേഷത്തിൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയായ ഇരുപത്തി മൂന്ന് വയസ്സ് പ്രായമുള്ള ഒരു വീട്ടമ്മ ആയിട്ടാണ് നിമിഷ സജയൻ ഈ ചിത്രത്തിൽ എത്തുന്നത് .
ഒരു വീട് കേന്ദ്രീകരിച്ചു നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ പ്രമേയം . അതിനാൽ തന്നെ ചിത്രത്തിന്റെ ഒരു രംഗം ഒഴിച്ച് ബാക്കിയെല്ലാം വീടിനകത്താണ് ചിത്രീകരിച്ചത് . കൊറോണ മൂലമല്ല ചിത്രത്തിന്റെ തിരക്കഥ ഇങ്ങിനെയായത് എന്ന് ജിയോ ബേബി അഭിപ്രായപ്പെട്ടു . മഹാമാരി പൊട്ടിപുറപ്പെടും മുമ്പ് തന്നെ മനസ്സിൽ ആലോചിച്ചു വെച്ചിരുന്ന പ്രമേയമാണെന്നും അത് ഈ അവസരത്തിൽ ചിത്രീകരിച്ചു എന്നെ ഉള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . ചിത്രത്തിന്റെ ഒരു രംഗം മാത്രമാണ് പുറത്തു വെച്ച് ചിത്രീകരിക്കേണ്ടി വന്നത് . ആ രംഗം ചിത്രീകരിക്കാൻ അധികൃതരുടെ അനുവാദം വാങ്ങിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു .
ഈ ചിത്രത്തിൽ സിദ്ധാർഥ് ശിവ ഒരു പ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കുന്നു കൂടാതെ കോഴിക്കോടുള്ള കുറെ നാടക കലാകാരന്മാരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് . ഈ ചിത്രത്തിന് വേണ്ടി ധന്യ സുരേഷും മൃദുല ദേവിയും എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സൂരജ് എസ് കുറുപ്പാണ് . ചിത്രത്തിന്റെ ഛായാഗ്രാഹകൻ സാലു കെ തോമസാണ് , കല സംവിധാനം ജിതിൻ ബാബുവും നിർവഹിക്കുന്നു .
Comments