ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശീയമായ ടാങ്ക് വേധ മിസൈല്‍ നാഗ് യുദ്ധമുഖത്തേക്ക്. നാഗിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡി.ആര്‍.ഡി.ഒ അറിയിച്ചു. അവസാന വട്ട പരീക്ഷണം പൂര്‍ത്തിയായതോടെ മിസൈല്‍ ഉടൻ തന്നെ കരസേനയ്‌ക്ക് കൈമാറും.
രാജസ്ഥാനിലെ പൊഖ്‌റാനില്‍ ആണ് നാഗ് മിസൈൽ പരീക്ഷണം നടത്തിയത്. ഇന്ത്യയുടെ മൂന്നാം തലമുറ മിസൈലാണ് നാഗ്. കരയാക്രമണത്തില്‍ സൈന്യത്തിന് മുതല്‍കൂട്ടാകുന്ന ആയുധമാണിത്. ടാങ്കുകളെ തകര്‍ക്കാനുളള ഏറ്റവും കരുത്തേറിയ മിസൈൽ ആണ് ഇത്. ശത്രുക്കളുടെ അത്യാധുനിക ടാങ്കുകളേയും കവചിത വാഹനങ്ങളേയും തകര്‍ക്കാന്‍ പാകത്തിനാണ് നാഗിന്റെ രൂപകല്‍പ്പന. മിസൈല്‍ വഹിക്കുന്ന പ്രത്യേക വാഹനമാണ് നാഗിനെ നിയന്ത്രിക്കുന്നത്. നാലു മുതല്‍ 7 കിലോമീറ്റര്‍ വരെ ദൂരത്തുള്ള ലക്ഷ്യങ്ങളാണ് ഭേദിക്കുക. നേരിട്ട് യുദ്ധഭൂമിയില്‍ ഉപയോഗിക്കാനുള്ള മിസൈലുകളാണ് നാഗെന്നും ഡി.ആര്‍.ഡി.ഒ വ്യക്തമാക്കി.
ഏത് കാലാവസ്ഥയിലും നാഗ് മിസൈലുകൾ പ്രയോഗിക്കിനാകും . തെര്‍മല്‍ ഇമേജിങ് റഡാറിന്റെ സഹായത്തോടെ ലക്ഷ്യം നിര്‍ണയിച്ച് ആക്രമണം നടത്തുകയാണ് മിസൈല്‍ ചെയ്യുന്നത്. 1980കളില്‍ ഇന്ത്യ തയ്യാറാക്കിയ അഞ്ച് മിസൈല്‍ പദ്ധതികളില്‍ ഒന്നാണ് നാഗ്. അഗ്‌നി, പ്രിഥ്വി, ആകാശ്, ത്രിശൂല്‍ എന്നിവയാണ് മറ്റുള്ളവ. ഇതില്‍ ത്രിശൂല്‍ പദ്ധതി പിന്നീട് ഉപേക്ഷിച്ചു. മറ്റ് മൂന്ന് മിസൈലുകളും ഇപ്പോള്‍ സൈന്യത്തിന്റെ ഭാഗമാണ്.
രണ്ടര കിലോമീറ്ററിനപ്പുറത്തേക്ക് പ്രയോഗിക്കുന്ന ചെറു മിസൈലുകള്‍ വേണമെന്ന ഇന്ത്യൻ കരസേനയുടെ ആവശ്യമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നത്. നിലവിലുള്ളത് മിലന്‍ 2ടിയും കോണ്‍കൂര്‍ മിസൈലുമാണ്. 300 നാഗ് മിസൈലുകളും 24 മിസൈല്‍ വിക്ഷേപണ വാഹനങ്ങളും വാങ്ങാന്‍ കരസേനയ്‌ക്ക് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരിക്കുകയാണ്.
Comments