പാലക്കാട്: വാളയാര്‍ കേസിന്റെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു തന്നെ മാറ്റിയതിന്റെ കാരണമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അഡ്വക്കറ്റ് ജലജ മാധവൻ. ആഭ്യന്തര വകുപ്പില്‍ നിന്നുള്ള ഉത്തരവ് പ്രകാരമാണ് എന്നെ മാറ്റിയത്. ആ ഉത്തരവില്‍ മാറ്റുന്നതിന്റെ കാരണം പറയുന്നുമില്ല. അതിനു പിന്നില്‍ എന്താണെന്ന് അറിയേണ്ട ആവശ്യമുണ്ടെന്നും ജലജ മാധവൻ വ്യക്തമാക്കുന്നു. വിചാരണയില്‍ വീഴ്‌ച്ചയുണ്ടായെന്നു മുഖ്യമന്ത്രി പറയുന്നു, അതിന്റെ പേരില്‍ പ്രോസിക്യൂട്ടര്‍മാരെ മാറ്റിയെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ അതിന്റെ കാരണം മാത്രം പറയുന്നില്ലെന്നാണ് ജലജാമാധവൻ പറയുന്നത്
‘എന്നെ മാറ്റിയത് എന്തിനാണെന്ന് ഇന്നും എനിക്ക് അറിയില്ല. ആഭ്യന്തര വകുപ്പില്‍ നിന്നുള്ള അസാധാരണ ഉത്തരവായാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നും എന്നെ മാറ്റുന്നതായുള്ള അറിയിപ്പ് വരുന്നത്. എന്തിനാണ് മാറ്റുന്നത് എന്നതിനുള്ള കാരണം ഉത്തരവില്‍ പറയുന്നില്ല. ഇതുവരെ അതിന്റെ കാരണം ഒരാളും പറഞ്ഞിട്ടുമില്ല. പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി എന്ന് സ്വയം ന്യായീകരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പറയുമ്പോള്‍, അതിന്റെ കാരണം കൂടി പുറത്തു വിടണമല്ലോ. ആഭ്യന്തര വകുപ്പില്‍ നിന്നാണ് ഉത്തരവ് വന്നത്. മുഖ്യമന്ത്രി തന്നെ ഭരിക്കുന്ന വകുപ്പാണത്. ഒന്നുകില്‍ അവിടെ നടക്കുന്ന കാര്യങ്ങളൊന്നും അദ്ദേഹം അറിയുന്നില്ല. ഇനി, അദ്ദേഹം അറിഞ്ഞുകൊണ്ടാണ് എല്ലാം നടക്കുന്നതെങ്കില്‍ എന്തിനാണ് എന്നെ മാറ്റിയതെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യറാകണം; അഡ്വ.ജലജ മാധവന്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.
രണ്ട് ഓഫീഷ്യല്‍ വിറ്റ്‌നസിനെ എക്‌സാം ചെയ്തു കഴിഞ്ഞ് അതിന്റെ ഹിയറിംഗ് തുടങ്ങുന്നതിനു മുന്നേ അവര്‍ എന്നെ മാറ്റിയിരുന്നു. ഞാന്‍ പല സംശയങ്ങള്‍ ഉയര്‍ത്തുകയും സിഡബ്ല്യുസി ചെയര്‍മാനെതിരേ ചോദ്യങ്ങള്‍ ചോദിക്കുകയുമൊക്കെ ചെയതതിനുശേഷമാണ് മാറ്റുന്നത്. ഞാന്‍ തുടരുന്നത് ശരിയാകില്ലെന്ന് ആര്‍ക്കെങ്കിലുമൊക്കെ തോന്നിക്കാണുമെന്നാണ് ജലജാ മാധവൻ സംശയമുന്നയിക്കുന്നത്.
വാളയാര്‍ കേസിലെ മുഴുവന്‍ പ്രതികളും രക്ഷപ്പെടാന്‍ കാരണം പബ്ലിക് പ്രോസിക്യൂട്ടറുടെ വീഴ്‌ച്ചയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അഡ്വ.ലത ജയരാജിനെ പിണറായി വിജയന്‍ സര്‍ക്കാര്‍ മാറ്റുന്നത്. പകരം അഡ്വ. പി സുബ്രഹ്മണ്യത്തെ നിയമിച്ചു. എന്നാല്‍, ലത ജയരാജനെതിരേ ആരോപണം ഉയര്‍ത്തുന്ന സര്‍ക്കാര്‍ എന്തിനാണ് ഒരിക്കല്‍ മാറ്റിയശേഷം വീണ്ടും അവരെ തന്നെ വാളയാര്‍ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കി വച്ചത് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഇപ്പോഴും മറുപടി പറഞ്ഞിട്ടില്ല. പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്നും മാറ്റാതിരിക്കാന്‍ സര്‍ക്കാരിനോട് കേസ് നടത്തി തോറ്റ ഒരാള്‍ കൂടിയാണ് ലത ജയരാജ് എന്നിടത്താണ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് അഡ്വ. ജലജ മാധവന്‍ ചൂണ്ടിക്കാണിക്കുന്നു.
Comments